തൃശൂർ: ലൈഫ് മിഷൻ അഴിമതിയിൽ ഗുരുതര ആരോപണങ്ങളുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപയിൽ കവിഞ്ഞുള്ള കമ്മീഷൻ ജയരാജന്‍റെ മകന്‍റെ കയ്യിലേക്ക് പോയതായി വാർത്തകൾ വരുന്നു. അന്വേഷണം വമ്പൻ സ്രാവുകളിലേക്കു നീങ്ങുന്നു എന്നതിനാലാണ് ഇതുവരെ അന്വേഷണത്തെ പിന്തുണക്കുന്നു എന്നു പറഞ്ഞ സിപിഎം നിലപാട് മാറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ അന്വേഷണം ശരിയായ ദിശയിൽ എന്നു പറഞ്ഞ മുഖ്യമന്ത്രിയുടെ പാർട്ടി ഇ ഡി യെ വിമർശിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. കെടി ജലീലിനെ കൂടാതെ ഈ പി ജയരാജന്റെ മകന്റെ പേരും ഉയർന്നു വരുന്നതും ഇതിനു കാരണമാണ്. സിപിഎം സെക്രട്ടേറിയറ്റ് നടത്തിയ ആരോപണത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി നിലപാട് മാറ്റിയോ? അന്വേഷണം രാഷ്ട്രീയ പ്രേരിതം എന്ന പാർട്ടി നിലപാടിനോട് മുഖ്യമന്ത്രി യോജിക്കുന്നുണ്ടോ ? കെടി ജലീലിനെ മാറ്റിയാൽ മന്തിസഭയിലെ ഒന്നോ രണ്ടോ അംഗങ്ങളെ കൂടി പുറത്താക്കേണ്ടി വരും. അതാണ് പിണറായി വിജയൻ ഭയപ്പെടുന്നതെന്നും കെ സുരേന്ദ്രൻ തൃശ്ശുരിൽ പറഞ്ഞു.
സ്വർണ്ണക്കടത്ത് കേസും ബംഗലൂരു മയക്കു മരുന്നു കേസും പരസ്പരം ബന്ധപ്പെട്ടതാണ്. സ്വപ്ന ആശുപത്രിയിൽ ഉള്ളപ്പോൾ നഴ്‌സ്മാരുടെ ഫോണിലൂടെ പലരെയും ബന്ധപ്പെട്ടിട്ടുണ്ട്. സർക്കാരിന്റെ സഹായത്തോടെ യാണ് മെഡിക്കൽ കോളേജിൽ ഈ സൗകര്യം ലഭിച്ചതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
മന്ത്രി കെ.ടി. ജലീലിന്റെ വഴിവിട്ട പല ഇടപാടുകളിലും മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ടെന്നും കൂട്ടുപ്രതിയാകുമോ എന്ന ഭയമാണ് പിണറായി വിജയനും സംഘത്തിനുമെന്നും കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു. ‘സത്യം അന്തിമമായി വിജയിക്കും’ എന്ന ജലീലിന്റെ പ്രസ്താവന അഭിസാരികയുടെ ചാരിത്ര്യ പ്രസംഗമാണെന്നും സുരേന്ദ്രന്‍ പരിഹസിച്ചിരുന്നു.
Discussion about this post