ലണ്ടന്‍: ഐസ്‌ക്രീം പെട്ടെന്ന് അലിഞ്ഞുതീരുന്നുവെന്ന പ്രശ്‌നത്തിന് പരിഹാരവുമായി ശാസ്ത്രലോകം. ജാപ്പനീസ് വിഭവമായ നാട്ടോയിലുള്ള എന്ന ഒരു പ്രത്യേകതരം പ്രോട്ടീനാണ് ഐസ്‌ക്രീമിനെ സാധാരണ അന്തരീക്ഷത്തിലും അലിഞ്ഞുപോകാതെ സഹായിക്കുന്നത്. യുകെയിലെ എഡിന്‍ബര്‍ഗ്, ദുന്‍ഡി സര്‍വകലാശാലകളാണ് ഈ കണ്ടുപിടുത്തത്തിനു പിന്നില്‍. വായു, വെള്ളം, കൊഴുപ്പ് എന്നിവ കൂട്ടിയോജിപ്പിക്കാന്‍ ഈ പ്രോട്ടീനു കഴിവുണ്ട്. ഇത് ഐസ്‌ക്രീമില്‍ ചേര്‍ത്താല്‍ ക്രീം പെട്ടെന്ന് അലിഞ്ഞുപോകില്ല. മാത്രമല്ല, തണുപ്പ് കൂടി ക്രീം കട്ടിയാകാതെ സൂക്ഷിക്കുകയും ചെയ്യും. ഈ പ്രോട്ടീന്‍ ഉപയോഗിക്കുന്നതോടെ ഐസ്‌ക്രീം നിര്‍മാതാക്കള്‍ക്ക് കൊഴുപ്പ് കുറച്ച് കലോറി കുറഞ്ഞ ഐസ്‌ക്രീം നിര്‍മിക്കാന്‍ കഴിയും. മൂന്നു വര്‍ഷത്തിനുള്ളില്‍ ഇത്തരത്തിലുള്ള ഐസ്‌ക്രീമുകള്‍ വിപണിയിലെത്തിക്കാന്‍ കഴിയുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
പുളിപ്പിച്ച സോയാബീന്‍ ഉപയോഗിച്ചു തയാറാക്കുന്ന നാട്ടോ വിഭവം വേവിച്ച അരിക്കൊപ്പമാണ് കഴിക്കുന്നത്. പ്രോട്ടീനിന്റെ സാന്നിധ്യം മൂലം നാരുകളുടെ രൂപത്തില്‍ പശപ്പുള്ള നാട്ടോയ്ക്ക് പാല്‍ക്കട്ടിയുടെ ഗന്ധമാണ്. ബയോഫിലിം സര്‍ഫേസ് ലെവല്‍ എ (ബിഎസ്എല്‍എ) എന്ന പ്രോട്ടീനാണ് സോയാബീനിലുള്ളത്. ഈ പ്രോട്ടീന്‍ ചേര്‍ക്കുന്നതോടെ ഐസ്‌ക്രീം കൂടുതല്‍ ആസ്വാദ്യകരമാകുമെന്നാണ് കണക്കാക്കുന്നത്. ഐസ്‌ക്രീം ഏറെനേരം അലിയാതെ സൂക്ഷിക്കാമെന്നതിനാല്‍ ഐസ്‌ക്രീം നിര്‍മാതാക്കള്‍ പുതിയ കണ്ടുപിടുത്തത്തെ സ്വാഗതം ചെയ്തുവെന്നാണ് അറിയുന്നത്. ഐസ്‌ക്രീം വിതരണക്കാര്‍ക്ക് പ്രയാസമില്ലാതെ ഉത്പന്നങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ എത്തിക്കാന്‍ കഴിയും.
Discussion about this post