ന്യൂഡൽഹി : ബീഹാറിൽ 14,258 കോടി രൂപയുടെ 9 ഹൈവേ പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച തറക്കല്ലിടും.വീഡിയോ കോൺഫറൻസിലൂടെയായിരിക്കും പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കം കുറിക്കുക.പദ്ധതിപ്രകാരം ബീഹാറിൽ 350 കിലോമീറ്റർ നീളമുള്ള 9 ഹൈവേ പദ്ധതികളാണ് ആരംഭിക്കാൻ പോകുന്നത്. കൂടാതെ, ബീഹാറിലെ 45,945 ഗ്രാമങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുന്ന പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
ഹൈവേ പദ്ധതികൾ യഥാർത്ഥ്യമാകുന്നതോടെ സംസ്ഥാനത്തെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുകയും ചരക്ക് നീക്കം സുഗമമാവുകയും സംസ്ഥാനത്തെ സാമ്പത്തിക അഭിവൃദ്ധിക്ക് വഴിയൊരുക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദമാക്കി. ബീഹാറിന്റെ അയൽസംസ്ഥാനങ്ങളായ ജാർഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നും ചരക്കുകളെത്തിക്കൽ ഈ പദ്ധതി നടപ്പിലാവുന്നതോടെ എളുപ്പമാകുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ബിഹാറിന്റെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് 2015-ൽ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്തിന് 56,700 കോടി രൂപയുടെ 75 പദ്ധതികളടങ്ങുന്ന പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതിൽ 13 പദ്ധതികൾ ഇതിനോടകം തന്നെ പൂർത്തീകരിച്ചിട്ടുണ്ട്. 38 പദ്ധതികൾ പുരോഗമിക്കുകയാണ്.
Discussion about this post