ബംഗളൂരു : കന്നഡ സിനിമയുമായി ബന്ധപ്പെട്ട ലഹരിമരുന്നു റാക്കറ്റ് കേസിന്റെ അന്വേഷണം ഹവാല, തീവ്രവാദ ബന്ധങ്ങളിലേക്ക്.മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ ചൂതാട്ട മാഫിയകളുടെ ഭാഗമായ അന്താരാഷ്ട്ര റാക്കറ്റാണ് ഇന്ത്യയിൽ മയക്കുമരുന്ന് എത്തിക്കുന്നതെന്ന് കർണാടക പോലീസിന്റെ ആഭ്യന്തര സുരക്ഷാ വിഭാഗം കണ്ടെത്തി.
കന്നഡ നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗല്റാണി എന്നിവർക്കൊപ്പം അറസ്റ്റിലായ ലഹരി പാർട്ടിയുടെ സംഘാടകൻ വീരേൻ ഖന്നയുടെ മൊബൈൽ ഫോണിൽ നിന്ന് ഒട്ടേറെ രാഷ്ട്രീയ നേതാക്കളുടെ മക്കളുടെ ഫോൺ നമ്പറുകൾ ലഭിച്ചതായും പോലീസ് അറിയിച്ചു. ബംഗളുരു നഗരത്തിലെ ഒരു എംഎൽഎയുടെ മകനുമായും വിരേന് അടുത്ത ബന്ധമുണ്ടെന്നും സൂചനയുണ്ട്. ഇയാളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എൻഫോഴ്സ്മെന്റ് വിഭാഗം അന്വേഷിച്ചു വരികയാണ്. അതിനിടെ കന്നട നടൻ ദിഗന്ത് മഞ്ചാലെയെ പോലീസ് വീണ്ടും ചോദ്യം ചെയ്തു. അഞ്ചുവർഷം മുമ്പ് കാഴ്ചശക്തി ഭാഗികമായി നഷ്ടപ്പെട്ടതിനെ തുടർന്നാണ് താൻ ലഹരി മരുന്ന് ഉപയോഗിക്കാൻ ആരംഭിച്ചത് എന്ന് ദിഗന്ത് സമ്മതിച്ചു.ഇയാൾക്ക് മയക്കുമരുന്ന് ലഭിക്കുന്ന സ്രോതസ്സുകൾ പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. സീരിയൽ താരങ്ങളായ അഭിഷേക് ദാസ്, ഗീത ഭാരതി ബട്ട് എന്നിവരെയും പോലീസ് ചോദ്യം ചെയ്തിരുന്നു.
Discussion about this post