ബീജിംഗ്: മുസ്ലീം വിഭാഗത്തിനെതിരെ കടുത്ത നടപടികളുമായി ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം മുന്നോട്ട് നീങ്ങുന്നതായി റിപ്പോർട്ട്. ന്യൂനപക്ഷ മുസ്ലീം വിഭാഗങ്ങള്‍ ഏറെ തിങ്ങിപ്പാർക്കുന്ന ഷിൻജിയാംഗ് പ്രവിശ്യയിൽ ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ആയിരക്കണക്കിന് പള്ളികള്‍ പൊളിച്ചു നീക്കയതായി ഓസ്ട്രേലിയൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ഷിൻജിയാംഗിലെ മുസ്ലീങ്ങൾ കൊടിയ പീഡനങ്ങളാണ് നേരിടുന്നതെന്നും അവരുടെ പരമ്പരാഗത ആചാരങ്ങൾ ലംഘിക്കാൻ സർക്കാർ നിരന്തരം ആവശ്യപ്പെടുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഷിൻജിയാങ് പ്രവിശ്യയിൽ മാത്രം 16000ത്തോളം മുസ്ലീം പള്ളികള്‍ പൊളിച്ചു നീക്കുകയോ ഭാഗികമായി നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലാണ് ഏറ്റവുമധികം നശീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ളതെന്നും ഈ കാലയളവിൽ 8500ത്തോളം മുസ്ലീം പള്ളികൾ പൂർണ്ണമായും പൊളിച്ചു നീക്കിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഉറുംഖി, കാഷ്ഗര്‍ നഗരപ്രാന്തങ്ങളിലാണ് കൂടുതൽ ആരാധനാലയങ്ങൾ തകർക്കപ്പെട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഉയിഗുർ മുസ്ലീങ്ങൾ കൂട്ടമായി താമസിക്കുന്ന ഷിൻജിയാങ് പ്രവിശ്യയിൽ ഇനി നാമമാത്രമായ പള്ളികൾ മാത്രമാണ് അവശേഷിക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ചൈനയിൽ വൻ തോതിൽ മുസ്ലീം പള്ളികളും ശ്മശാനങ്ങളും തകർക്കപ്പെട്ടതായും മുസ്ലീങ്ങൾ കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങൾ നേരിടുന്നതായും അന്താരാഷ്ട്ര വാർത്താ ഏജൻസികൾ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ വാർത്തകൾ ചൈനീസ് സർക്കാർ നിഷേധിച്ചിട്ടുണ്ട്.









