തിരുവനന്തപുരം : കോവിഡ് സമ്പർക്ക രോഗികളുടെ എണ്ണം പെരുകുന്നതിനാൽ സംസ്ഥാനം കടുത്ത ആശങ്കയിൽ. ഇന്ന് 7,445 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 6,965 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത കോവിഡ് രോഗികളുടെ എണ്ണവും ദിനംപ്രതി വർധിച്ചു വരികയാണ്. ഇന്ന് മാത്രം ഉറവിടം അറിയാത്ത 561 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് കോഴിക്കോട് ജില്ലയിലാണ്. 956 പേർക്കാണ് കോഴിക്കോട് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 917 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. എറണാകുളം ജില്ലയിലെ 868 പേർക്കും മലപ്പുറം ജില്ലയിലെ 888 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. മറ്റു ജില്ലകളിലും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം വളരെ കൂടുതലാണ്. ആരോഗ്യപ്രവർത്തകരിലെ രോഗബാധയും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 97 ആരോഗ്യപ്രവർത്തകർക്കാണ്. തിരുവനന്തപുരം ജില്ലയിൽ മാത്രം 19 ആരോഗ്യപ്രവർത്തകർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിലെ 12 ഐഎൻഎച്ച്എസ് ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
Discussion about this post