കൊച്ചി : വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് പദ്ധതിയിലെ ക്രമക്കേടിന്റെ അന്വേഷണം ഏറ്റെടുത്ത സിബിഐയും ആദ്യം നീങ്ങുന്നത് സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നയിലേക്ക്. ലൈഫ് മിഷന്റെ ഫ്ലാറ്റ് നിർമ്മാണത്തിൽ കരാറെടുത്ത യൂണിടാക് സ്ഥാപന ഉടമ സന്തോഷിനെ ഒന്നാം പ്രതിയാക്കിക്കൊണ്ടായിരിക്കും സിബിഐ കേസെടുക്കുക. കൂടുതൽ തെളിവുകൾ ലഭിക്കാൻ സ്വപ്നയെയും സന്ദീപിനെയും ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ കിട്ടാൻ സിബിഐ അടുത്തദിവസം അപേക്ഷ നൽകിയേക്കും എന്നാണ് റിപ്പോർട്ടുകൾ.
ലൈഫ്മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് തനിക്ക് ഒരു കോടി രൂപ കമ്മീഷൻ കിട്ടിയെന്നാണ് സ്വപ്ന നേരത്തെ നൽകിയ മൊഴി. കരാറനുസരിച്ച് ഫ്‌ളാറ്റ് നിർമ്മാണത്തിനുള്ള സ്ഥാപനത്തെ തിരഞ്ഞെടുക്കേണ്ടത് ലൈഫ് മിഷനും പദ്ധതിക്ക് പണം അനുവദിക്കുന്ന യുഎഇ റെഡ് ക്രസന്റ് ചേർന്നാണ്. എന്നാൽ, ഇതിന് പകരം കോൺസൽ ജനറൽ യൂണിടാകുമായി നേരിട്ട് കരാർ ഉണ്ടാക്കുകയായിരുന്നു. കോൺസൽ ജനറലിനെ മറയാക്കി ചിലർ കമ്മീഷൻ തട്ടിയതാണ് എന്നാണ് സിബിഐയുടെ പ്രാഥമികാന്വേഷണത്തിൽ മനസ്സിലാക്കാൻ സാധിച്ചത്. കോൺസൽ ജനറലും ആയി അടുത്ത ബന്ധം പുലർത്തുന്ന സ്വപ്നയുടെ നേതൃത്വത്തിലായിരിക്കും ഇതു നടന്നിരിക്കുന്നത് എന്നും ഇതിൽ സ്വർണക്കടത്ത് സംഘത്തിലെ പലർക്കും ബന്ധമുണ്ടാകുമെന്നും സിബിഐ കരുതുന്നു.
റെഡ് ക്രസന്റ് അനുവദിച്ച രണ്ടാംഗഡുവിൽ 75 ലക്ഷം രൂപ ബാങ്ക് വഴി സന്ദീപിന്റെ കമ്പനിയിലേക്ക് കൈമാറിയിട്ടുണ്ട്. ഈ പണം സ്വദേശത്തും വിദേശത്തുമുള്ള ചില ഉന്നതർക്ക് നൽകാനായിരിക്കുമെന്നാണ് സിബിഐ കരുതുന്നത്. വിദേശത്തും സ്വദേശത്തുമുള്ള പലർക്കും സ്വർണക്കടത്തിൽ പങ്കുണ്ടെന്ന കസ്റ്റംസിന്റെയും എൻഐഎയുടെയും കണ്ടെത്തലിനെ ശരി വെക്കുന്നതാണ് ഇത്. ലൈഫ് മിഷൻ സിഇഒയിൽ നിന്ന് അടുത്ത ദിവസം സിബിഐ വിവരങ്ങൾ തേടും.
Discussion about this post