കാർഷിക ബില്ലുകളെ പിന്തുണച്ച് അമൂൽ എന്നറിയപ്പെടുന്ന ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിന്റെ (ജിസിഎംഎംഎഫ്) മാനേജിങ് ഡയറക്ടർ ആർ.എസ് സോധി. ഇന്ത്യയിലെ കർഷകരെ കൂടുതൽ ശക്തരാക്കാൻ കാർഷിക ബില്ലിലൂടെ സാധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിൽ വ്യക്തമാക്കിയിരുന്നു. ഈ പ്രസ്താവനയെ പിന്തുണച്ചാണ് ആർഎസ് സോധി ഇപ്പോൾ രംഗത്ത് വന്നിട്ടുള്ളത്.
സ്വതന്ത്ര വിപണി ക്ഷീരകർഷകരെ അഭിവൃദ്ധിപ്പെടുത്താൻ എങ്ങനെയൊക്കെ സഹായിക്കുമെന്ന് ട്വിറ്ററിലൂടെ അദ്ദേഹം വിശദീകരിച്ചു.കാർഷിക ബില്ലുകളിലൂടെ ക്ഷീരകർഷകർക്ക് ജിസിഎംഎംഎഫുമായി ബന്ധമുണ്ടെങ്കിലും ഇല്ലെങ്കിലും ഉൽപ്പന്നങ്ങൾ അവരുടെ ഇഷ്ട്ടാനുസരണം എവിടെയും വിൽക്കാൻ സ്വാതന്ത്ര്യം ലഭിക്കുകയാണെന്നും ഇതിലൂടെ പാലുൽപ്പന്നങ്ങളുടെ ഉത്പാദനം വർധിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജിഡിപിയിൽ കാർഷിക മേഖലയ്ക്കുള്ള പങ്ക് കുറഞ്ഞു വരികയാണെങ്കിലും പാലിന്റെയും പാലുല്പന്നങ്ങളുടെയും പങ്ക് ക്രമാതീതമായി വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നും അതുകൊണ്ട് തന്നെ ഉൽപ്പന്നങ്ങൾ ഇഷ്ട്ടാനുസരണം വിൽക്കാൻ അവസരം ലഭിക്കുന്നതോടെ ക്ഷീര കർഷകർക്ക് കൂടുതൽ ലാഭം ലഭിക്കുമെന്നും ആർഎസ് സോധി കൂട്ടിച്ചേർത്തു.
Discussion about this post