18 സ്വർണ മെഡലുകളോടെ ബംഗളുരുവിലെ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിൽ (എൻഎൽഎസ്ഐയു) നിന്നും റെക്കോർഡ് വിജയം നേടി മലയാളി പെൺകുട്ടി. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തറ നിവാസിയായ യമുന മേനോൻ എന്ന വിദ്യാർത്ഥിനിയാണ് ബിഎ എൽഎൽബി (ഹോണേഴ്‌സ്) കോഴ്‌സിൽ ഉന്നത വിജയം കരസ്ഥമാക്കിയത്. എൻഎൽഎസ്ഐയുവിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു വിദ്യാർത്ഥി ഇത്രയുമധികം സ്വർണമെഡലുകൾ നേടുന്നത്.
ഞായറാഴ്ച വെർച്വലായി നടന്ന എൻഎൽഎസ്ഐയുവിന്റെ ബിരുദദാന ചടങ്ങിൽ വിവിധ വിഷയങ്ങളിലെ മികവിന് 48 സ്വർണ മെഡലുകൾ വിതരണം ചെയ്തതിൽ, 18 മെഡലുകളും യമുന നേടി. 2015 – ൽ നടന്ന ക്ലാറ്റ് പരീക്ഷയിൽ ഇരുപത്തിയെട്ടാം റാങ്കോടെയാണ് നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിൽ യമുന അഡ്മിഷൻ നേടിയത്. കോവിഡ് പശ്ചാത്തലത്തിൽ എൻഎൽഎസ്ഐയു ഇത്തവണ വെർച്വൽ ബിരുദദാന ചടങ്ങ് നടത്താൻ തീരുമാനിക്കുകയായിരുന്നു.
Discussion about this post