ഡെറാഡൂണിലുള്ള ഇന്ത്യൻ മിലിട്ടറി അക്കാദമിയിലെ (ഐഎംഎ) അണ്ടർപാസുകളുടെ നിർമാണത്തിന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് തിങ്കളാഴ്ച തറക്കല്ലിട്ടു. വീഡിയോ കോൺഫറൻസിലൂടെ ഡൽഹിയിലിരുന്നാണ് അദ്ദേഹം ചടങ്ങുകൾ നിർവഹിച്ചത്.
അണ്ടർപാസുകളുടെ നിർമ്മാണത്തിനുള്ള അനുമതി ലഭിക്കുന്നതിന് 40 വർഷമെടുത്തത് വിചിത്രമാണെന്നും ഇതിന്റെ നിർമാണം പൂർത്തിയാവുന്നതോടെ മൂന്നു കാമ്പസുകളിലേക്കുമുള്ള യാത്രകൾ സുഗമമായി നടക്കുമെന്നും ചടങ്ങിനെ അഭിസംബോധന ചെയ്തു കൊണ്ട് രാജ്‌നാഥ് സിംഗ് പറഞ്ഞു. ഒരു വശത്ത് നിന്ന് മറ്റൊരു വശത്തേക്ക് റോഡ് മുറിച്ചു കടക്കുന്നതിന് ട്രാഫിക് സിഗ്നലുകൾ ട്രെയിനി കേഡറ്റുകൾക്ക് ഒരു തടസ്സമാണ്. മാത്രമല്ല, ഐഎംഎ കേഡറ്റുകളുടെ ചലനങ്ങൾ പ്രദേശവാസികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
അണ്ടർപാസുകളുടെ നിർമാണം പൂർത്തിയാവുന്നതോടെ ഈ ബുദ്ധിമുട്ടുകൾക്ക് അവസാനമാകുമെന്ന് പ്രതിരോധ മന്ത്രി കൂട്ടിച്ചേർത്തു. ഉത്തരാഖണ്ഡിലെ ജനങ്ങൾക്ക് മാത്രമല്ല, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഹരിയാന എന്നീ സംസ്‌ഥാനങ്ങളിലെ ജനങ്ങൾക്കും അണ്ടർപാസുകൾ സഹായകമാകുമെന്ന് തീർച്ചയാണ്.
Discussion about this post