തിരുവനന്തപുരം : കോവിഡ് പോസിറ്റീവായി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ, രോഗിയുടെ ശരീരത്തിൽ പുഴുവരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി ബന്ധുക്കൾ. കോവിഡ ഇന്ന് ആശുപത്രി ജീവനക്കാർ അനിൽകുമാറിനെ (56) തിരിഞ്ഞു നോക്കിയില്ലെന്ന് മകൾ അഞ്ജന പറഞ്ഞു. ഡയപ്പർ പോലും മാറ്റിയില്ലെന്ന് അവർ വെളിപ്പെടുത്തി. അഡ്മിറ്റാകുന്നതിനു മുൻപ് മകൻ ധരിപ്പിച്ച ഡയപ്പർ പിന്നീട് മാറ്റിയിട്ടില്ലെന്ന് മകൾ ചൂണ്ടിക്കാട്ടി. ഈ മാസം ആറിനാണ് അനിൽകുമാറിന് കോവിഡ് സ്ഥിരീകരിക്കുന്നത്. അന്ന് കോവിഡ് വാർഡിലേക്ക് മാറ്റുന്നതിനു മുൻപ് മകൻ ധരിപ്പിച്ച ഡയപ്പർ പിന്നീട് മാറ്റിയിട്ടില്ലെന്നാണ് പരാതി.
ഇതിനിടെ, രോഗിയെ പരിചരിക്കുന്നതിൽ ആശുപത്രി ജീവനക്കാർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. സംഭവത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ എം.എസ് ഷർമ്മദ് തയ്യാറാക്കിയ പ്രാഥമിക അന്വേഷണ റിപ്പോർട്ട്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ എ.റംലാബീവിയ്ക്ക് സമർപ്പിച്ചു. റിപ്പോർട്ട് ആരോഗ്യമന്ത്രി ശൈലജയ്ക്കു കൈമാറിയെന്നും ആവശ്യമെങ്കിൽ വിശദമായ റിപ്പോർട്ട് തയ്യാറാക്കുമെന്നും റംല ബീവി അറിയിച്ചു.












