ചൈന-പാക് സാമ്പത്തിക ഇടനാഴി പൂർത്തിയാക്കാനുള്ള ചൈനയുടെ സമ്മർദത്തെ തുടർന്ന് പാക് അധിനിവേശ കശ്മീരിലെ ഗിൽജിത്-ബാൽടിസ്ഥാൻ പ്രദേശത്തെ രാജ്യത്തിന്റെ അഞ്ചാമത് പ്രവിശ്യയാക്കാനൊരുങ്ങി പാകിസ്ഥാൻ. രാജ്യം ഗിൽജിത്-ബാൽടിസ്ഥാൻ പ്രദേശത്തെ പൂർണമായും പാകിസ്ഥാന്റെ ഭാഗമാക്കി മാറ്റാൻ തീരുമാനിച്ച കാര്യം പാക് ഫെഡറൽ മിനിസ്റ്റർ അലി അമീൻ ഗണ്ഡാപുർ ആണ് പുറത്തു വിട്ടത്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ, പാകിസ്ഥാൻ, ചൈന എന്നീ മൂന്ന് ആണവ ശക്തികൾ കേന്ദ്രീകരിക്കുന്ന ഇടമായത് കൊണ്ടു തന്നെ, ഏഷ്യയിലെ തന്നെ ഏറ്റവും തന്ത്രപ്രധാനമായ സ്ഥലമാണ് ഗിൽജിത്-ബാൾടിസ്ഥാൻ. പാകിസ്ഥാനിലൂടെയുള്ള സാമ്പത്തിക ഇടനാഴിയെന്ന ചൈനയുടെ വിപുലീകരണ പദ്ധതിക്ക് ഏറ്റവും യോജിച്ച സ്ഥലം കൂടിയാണിത്. പശ്ചിമ സമുദ്രങ്ങളിലേക്കുള്ള ഒരു വാതിലെന്ന ചൈനയുടെ നൂറ്റാണ്ടുകളായുള്ള സ്വപ്നമാണ് ഇത് നടന്നാൽ സാക്ഷാത്കരിക്കപ്പെടുക. ഇന്ത്യയുടെ കശ്‍മീരിലെ സൈനിക വികസന പ്രവർത്തനങ്ങളെ ചൈന എതിർക്കുന്നത് ,കശ്‍മീരിന്റെ പ്രഹരപരിധിയിലൂടെയാണ് ഈ സാമ്പത്തിക ഇടനാഴി കടന്നു പോകുന്നത് എന്നതിനാലുമാണ്. ഇതിൽ നിന്നെല്ലാം ഗിൽജിത്-ബാൾടിസ്ഥാൻ പ്രദേശത്തെ പൂർണമായും പാകിസ്ഥാന്റെ ഭാഗമാക്കാൻ ചൈന സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് വ്യക്തമാണ്. പഞ്ചാബ്, ബലോചിസ്ഥാൻ, ഖൈബെർ പഖ്‌തുൻഖ്വാ, സിന്ധ് എന്നിവയാണ് പാകിസ്ഥാന്റെ മറ്റു 4 പ്രവിശ്യകൾ.













Discussion about this post