ന്യൂയോർക്ക് : ലോകം മുഴുവൻ മരണം വിതച്ചു കൊണ്ട് പടർന്നു പിടിച്ച കോവിഡ് വൈറസ് ചൈനയിലെ ലാബിൽ സൃഷ്ടിച്ചതാണെന്ന വാദം ആവർത്തിച്ച് പ്രമുഖ വൈറോളജിസ്റ്റ് ഡോ.ലീ മെങ് യാൻ. ചൈനയുടെ നിയന്ത്രണത്തിലുള്ള ഹോങ്കോങ്ങിൽ നിന്ന് രക്ഷപ്പെട്ട യാൻ ഇപ്പോൾ ന്യൂയോർക്കിലാണ് ജീവിക്കുന്നത്. പക്ഷേ, താൻ ഏതു നിമിഷവും കൊല്ലപ്പെടുമെനന്നും യാൻ വ്യക്തമാക്കി.
കാര്യങ്ങൾ എല്ലാം അറിഞ്ഞിട്ടും സത്യം മറച്ചു പിടിക്കാൻ ചൈനയെ സഹായിച്ചത് ലോകാരോഗ്യ സംഘടനയാണ് എന്ന് യാൻ വെളിപ്പെടുത്തി. സംഘടനയുടെ തലവനായ ടെഡ്‌റോസ് അദാനത്തിനും കാര്യങ്ങൾ അറിയാമായിരുന്നുവെന്ന് പറഞ്ഞ യാൻ, ചൈനയുമായുള്ള അടുപ്പം കാരണം സംഘടന വസ്തുതകൾ പുറത്തു വിട്ടില്ലെന്ന് വ്യക്തമാക്കി. വുഹാൻ മേഖലയിൽ പുതിയ തരം വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെക്കുറിച്ച് പഠിക്കാൻ ഹോങ്‌കോങ് സർവ്വകലാശാല നിയോഗിച്ച ഗവേഷണ സമിതിയിൽ അംഗമായിരുന്നു യാൻ.
ഡിസംബർ അവസാനമാണ് ഇവർ ഗവേഷണം ആരംഭിക്കുന്നത്. അന്നു തന്നെ 40 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും സംഘം മനസ്സിലാക്കി. ചൈനീസ് സർക്കാർ സത്യം പുറത്തു വരാതിരിക്കാൻ വേണ്ട എല്ലാ മുൻകരുതലുകളും എടുത്തു. വുഹാൻ മത്സ്യ മാർക്കറ്റിനെ വൈറസിന്റെ പ്രഭവകേന്ദ്രമായി ചിത്രീകരിച്ചു. ഒട്ടേറെ തവണ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികൾ വുഹാൻ സന്ദർശിച്ചെങ്കിലും, മഹാമാരി പൊട്ടിപ്പുറപ്പെട്ട സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കാൻ അവരാരും തയ്യാറായില്ലെന്നും ഡോ.യാൻ ആരോപിച്ചു. ലോകാരോഗ്യ സംഘടനയ്ക്ക് പണം നൽകില്ലെന്ന അമേരിക്കൻ നിലപാടിനെ ഡോക്ടർ യാൻ അനുകൂലിക്കുകയും ചെയ്തു.












