നിർമ്മിത ബുദ്ധി ആയുധ വികസനത്തിനുപയോഗിക്കുന്നതിൽ നിന്നും ലോകത്തെ രക്ഷിച്ചേ തീരുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. റെയ്‌സ് -2020 എന്ന് പേരിട്ടിരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആഗോള ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിർമ്മിതബുദ്ധിയുപയോഗിച്ച് കൃഷി, ദുരന്ത നിവാരണ സംവിധാനങ്ങളെ കൂടുതൽ ശക്തമാക്കൽ എന്നിവയിൽ മികച്ച മാറ്റങ്ങൾ വരുത്താൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിർമ്മിത ബുദ്ധി ഏതൊക്കെ മേഖലകളിൽ കൂടുതലായി ഉപയോഗിക്കണമെന്ന് തീരുമാനിക്കുന്നതിൽ ഓരോ രാജ്യത്തിനും ഉത്തരവാദിത്വമുണ്ടെന്നും ഇന്ത്യയെ നിർമ്മിത ബുദ്ധിയുടെ ആഗോള ഹബ് ആയി മാറ്റാനാണ് ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആഗോള ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്രമോദി ഒക്ടോബർ അഞ്ചിനാണ് വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്തത്.
കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പിന്റെയും നീതി ആയോഗിന്റെയും നേതൃത്വത്തിൽ ഒക്ടോബർ 5 മുതൽ 9 വരെയായിരിക്കും ഉച്ചകോടി നടക്കുക. ഉച്ചകോടിയിൽ, ഐക്യരാഷ്ട്രസഭയുടെ സാങ്കേതിക വിഭാഗത്തിലെ പ്രതിനിധികളും വിവിധ ലോകരാജ്യങ്ങളിലെ വിവര സാങ്കേതിക മേഖലകളിലെ പ്രതിനിധികളും പങ്കെടുക്കുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.
Discussion about this post