തിരുവനന്തപുരം : കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഉടൻ ബാറുകൾ തുറക്കേണ്ടെന്ന് തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം.
ഇന്നലെ പതിനായിരത്തിലുമധികം പുതിയ കോവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഈ സാഹചര്യത്തിലാണ് ബാറുകൾ തുറക്കേണ്ടെന്ന് സംസ്‌ഥാന സർക്കാർ തീരുമാനമെടുത്തത്. നിലവിൽ കൗണ്ടറുകൾ വഴി മദ്യവിൽപ്പനയുള്ളത് വൈകിട്ട് 5 വരെയാണ്. ഇരുന്ന് മദ്യം കഴിക്കുന്ന തരത്തിൽ ബാറുകൾ നിയന്ത്രണങ്ങളോടെ തുറക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിനായാണ് യോഗം ചേർന്നത്. ബാറുടമകളും ബാർ തുറക്കാൻ അനുമതി തേടി രംഗത്തെത്തിയിരുന്നു.
കൗണ്ടറുകളിലൂടെയുള്ള മദ്യവിൽപ്പന ബാറുകൾ തുറന്നാൽ അവസാനിപ്പിക്കാമെന്നായിരുന്നു മുമ്പ് തീരുമാനിച്ചിരുന്നത്. എന്നാൽ, കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബാറുകൾ തുറക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകില്ല. നിലവിൽ, കർണാടക, തമിഴ്നാട്, ആന്ധ്ര പ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ ബാറുകൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്.












