ബെന്‍ഗാസി : രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി പാക്കിസ്ഥാന്‍, യെമന്‍, ഇറാന്‍ സ്വദേശികളെ ലിബിയയില്‍ പ്രവേശിപ്പിക്കില്ലെന്ന് ഭരണകൂടം. നിലവില്‍ സുഡാന്‍, ബംഗ്ലദേശ്, പലസ്തീന്‍, സിറിയ സ്വദേശികള്‍ക്ക് ലിബിയയില്‍ പ്രവേശനമില്ല. സുഡാന്‍, പലസ്തീന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്‍മാര്‍ ലിബിയയിലെത്തി അന്‍സാര്‍ അല്‍ ഷരിയ തുടങ്ങിയ വിമത വിഭാഗത്തിനൊപ്പം ചേര്‍ന്ന് ഭരണകൂടത്തിനെതിരെ കലാപം നടത്തുകയാണ്. ഈ സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം എടുക്കാന്‍ കാരണമെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു.
വിമതര്‍ ഒരു വര്‍ഷം മുന്‍പ് തലസ്ഥാനമായ ട്രിപ്പോളി പിടിച്ച് അവിടെ അധികാരം സ്ഥാപിച്ചതിനാല്‍ ലിബിയയുടെ കിഴക്ക് ഭാഗത്താണ് ഇപ്പോള്‍ ഔദ്യോഗിക ഭരണകൂടത്തിന് അധികാരമുള്ളത്. വിമതര്‍ സൈന്യവുമായി ഇപ്പോഴും രൂക്ഷമായ പോരാട്ടം നടത്തുന്നുണ്ട്. ട്രിപ്പോളി തിരിച്ചുപിടിക്കാന്‍ സൈന്യവും പരിശ്രമിക്കുന്നുണ്ട്.
ഈജിപ്തുമായി അതിര്‍ത്തി പങ്കിടുന്ന കിഴക്കന്‍ മേഖലയില്‍ തോബ്രുക്, ലബ്രാഖ് വിമാനത്താവളങ്ങളിലൂടെയുള്ള പ്രവേശനമേ ഇപ്പോള്‍ ഔദ്യോഗിക ഭരണകൂടത്തിനു നിയന്ത്രിക്കാനാകൂ. രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വേണ്ടിയാണിതെന്ന് സൈന്യത്തിലെ മുതിര്‍ന്ന കമാന്‍ഡര്‍ ഖലീഫ ഹഫ്തര്‍ അറിയിച്ചു.
Discussion about this post