യു.എന്‍: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും നേരിട്ട് ചര്‍ച്ച നടത്തണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. രണ്ട് രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ യു.എന്‍ നിരീക്ഷിക്കുന്നുണ്ടെന്നും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ചര്‍ച്ചയെ സെക്രട്ടറി ജനറല്‍ പ്രേത്സാഹിപ്പിക്കുമെന്നും അദ്ദേഹത്തിന്റെ വക്താവ് സ്റ്റീഫന്‍ ദുജാറിക് മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇരു ഭാഗങ്ങളിലെയും സാധാരണക്കാര്‍ക്ക് പരിക്കേല്‍ക്കുന്നതിനെപ്പറ്റി ഇന്ത്യയിലെയും പാകിസ്ഥാനിലെയും യു.എന്‍ മിലിറ്ററി ഒബ്‌സേര്‍വര്‍ ഗ്രൂപ്പിന് അറിവുണ്ടെന്നും താന്‍ റിപ്പോര്‍ട്ട് കണ്ടിട്ടുണ്ടെന്നും ദുജാറിക് പറഞ്ഞു. അടുത്തിടെയുണ്ടായ ചില സംഭവങ്ങളില്‍ ചില നിര്‍ദ്ദേശങ്ങള്‍ ലഭിക്കാനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആഗസ്റ്റ് 23ന് നടക്കാനിരുന്ന ഇന്ത്യപാക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച റദ്ദാക്കിയതില്‍ യു.എന്‍ തലവന്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.
ജമ്മു ജില്ലയിലെ ആര്‍.എസ് പുര, അര്‍ണിയ സെക്ടറുകളിലെ ജനവാസ പ്രദേശങ്ങളില്‍ പാകിസ്ഥാന്‍ റേഞ്ചര്‍മാര്‍ നടത്തിയ വെടിവയ്പ്പില്‍ മൂന്ന് പേര്‍ മരിക്കുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ബി.എസ്.എഫ് ശക്തമായി തിരിച്ചടിക്കുകയും ചെയ്തു.
Discussion about this post