ശ്രീനഗര്‍: പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് ആയുധങ്ങള്‍ ഒളിച്ചുകടത്താനുള്ള ശ്രമം സൈന്യം പരാജയപ്പെടുത്തി. ജമ്മു കശ്മീരിലെ കേരന്‍ സെക്ടറിൽ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ആയുധങ്ങള്‍ കടത്താന്‍ ശ്രമം നടന്നത്. കിഷന്‍ഗംഗ നദിക്ക് കുറുകെ കയര്‍കെട്ടി ഒരു കുഴല്‍ വഴി രണ്ട്-മൂന്ന് പേര് ചില സാധനങ്ങള്‍ കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പെട്ട സൈന്യം അത് തടയുകയായിരുന്നു. രണ്ട് ബാഗുകളിലായി സൂക്ഷിച്ചിരുന്ന നാല് എകെ-74 റൈഫിളുകളും എട്ട് മാഗസിനുകളും 240 വെടിത്തിരകളുമാണ് സൈന്യം പിടിച്ചെടുത്തത്. പ്രദേശത്ത് സൈന്യം തിരച്ചില്‍ തുടരുകയാണ്.
പാക് അധിനിവേശ കശ്മീരില്‍ നിന്ന് ഇന്ത്യയിലേക്ക് ആയുധങ്ങള്‍ കടത്തുവാന്‍ ഭീകരര്‍ നടത്തിയ ശ്രമമാണിതെന്നും സേനയുടെ ദ്രുതനടപടിയാണ് ഇത് പരാജയപ്പെടുത്തിയതെന്നും ആര്‍മി ഉദ്യോഗസ്ഥന് പറഞ്ഞു. നിരീക്ഷണ ഉപകരണങ്ങളുടെ സഹായത്തോടെയാണ് സൈന്യം ഇവ പിടികൂടിയത്. പാകിസ്ഥാന്റെ ഉദ്ദേശങ്ങളില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും ലെഫ്റ്റനന്റ് ജനറല്‍ രാജു ശ്രീനഗറില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ജമ്മു സെക്ടറിലും പഞ്ചാബിലും കേരന്‍, തങ്ധര്‍ എന്നിവിടങ്ങളിലും ഇത്തരം ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. കാശ്മീരിലെ ജനങ്ങളെ എപ്പോഴും തീവ്രവാദത്തിലായി നിലനിര്‍ത്തുക എന്നതാണ് പാക്കിസ്ഥാന്റെ പ്രധാന ലക്ഷ്യം. എന്നാല്‍ ഇവിടത്തെ ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കുകയാണ് തങ്ങളുടെ ലക്ഷ്യം. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ തടയാന്‍ തങ്ങള്‍ക്ക് ജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post