മുംബൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമ ഒക്ടോബർ 15ന് തീയേറ്ററുകൾ തുറന്നതിനു ശേഷം വീണ്ടും പ്രദർശിപ്പിക്കും. ഒമുങ് കുമാർ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ നരേന്ദ്രമോദിയായി വേഷമിട്ടിരിക്കുന്നത് ബോളിവുഡ് താരം വിവേക് ആനന്ദ് ഒബ്രോയിയാണ്.
കഴിഞ്ഞ വർഷം ഈ സിനിമ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചിരുന്നു. നരേന്ദ്രമോദിയുടെ കുട്ടിക്കാലം മുതൽ അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായതും അതിൽ നിന്നും ഇന്ത്യയുടെ പ്രധാനമന്ത്രി പദവിയിലേക്കെത്തിയ യാത്ര വരെയാണ് ചിത്രം. കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന തിയേറ്ററുകൾ ഒക്ടോബർ 15നു മുതൽ വീണ്ടും പ്രവർത്തനമാരംഭിക്കുമ്പോൾ ‘പി.എം നരേന്ദ്രമോദി’ സിനിമ രണ്ടാമതും പ്രദർശിപ്പിക്കാൻ തീരുമാനിച്ചതിൽ തനിക്കു അത്യധികം സന്തോഷമുണ്ടെന്ന് സിനിമയുടെ സംവിധായകനായ ഒമുങ് കുമാർ പറഞ്ഞു.
‘മേരികോം’, ‘സരബ്ജിത്’, എന്നീ സിനിമകളുടെ സംവിധായകനാണ് ഒമുങ് കുമാർ. മലയാളമടക്കം 23 ഭാഷകളിലാണ് സിനിമ കഴിഞ്ഞ വർഷം റിലീസ് ചെയ്തത്. ബോമൻ ഇറാനി, സെറീന വഹാബ്, ദർശനാ കുമാർ, മനോജ് ജോഷി, പ്രശാന്ത് നാരായൺ, അഞ്ജാൻ ശ്രീവാസ്തവ്, യാറ്റിൻ കാര്യേക്കർ എന്നിവരും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.
Discussion about this post