ലോവ: കൊവിഡ് വ്യാപനത്തിൽ ചൈനക്കെതിരെ വീണ്ടും രൂക്ഷവിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. ലോകം മുഴുവൻ മഹാമാരി വ്യാപിക്കാൻ കാരണം ചൈനയുടെ സ്വാർത്ഥതയും കുടിലതയുമാണ്. അവരുടെ രാജ്യത്ത് രോഗബാധ നിയന്ത്രിച്ചു നിർത്തിയിട്ട് മറ്റ് രാജ്യങ്ങളെ ദുരിതത്തിന് വിട്ടു കൊടുത്തത് ചൈനയുടെ നീച രാഷ്ട്രീയമാണെന്നും ട്രമ്പ് അഭിപ്രായപ്പെട്ടു.
ലോക വ്യാപാര സംഘടനയിൽ ചൈനക്ക് പ്രവേശനാനുമതിക്കായി വാദിക്കുന്ന മുൻ അമേരിക്കൻ ഉപരാഷ്ട്രപതിയും ഡെമോക്രാറ്റിക് നേതാവുമായ ജോ ബൈഡനെയും ട്രമ്പ് നിശിതമായി വിമർശിച്ചു. ബൈഡന്റെ നിലപാട് അമേരിക്കയെ സംബന്ധിച്ച് ദുരന്തമാണെന്ന് ട്രമ്പ് അഭിപ്രായപ്പെട്ടു.
കൊവിഡിനെ ചൈനാ വൈറസ് എന്നാണ് ട്രമ്പ് വിശേഷിപ്പിച്ചത്. ചൈനാ വൈറസ് ബാധ പതിനൊന്ന് ദശലക്ഷത്തിന് മേൽ തൊഴിലവസരങ്ങൾ ഇല്ലാതാക്കി. തൊഴിൽ നിരക്ക് പകുതിയായി കുറയ്ക്കാൻ അമേരിക്ക നിർബ്ബന്ധിതമായി. എന്നാൽ ഇപ്പോൾ മികച്ച തൊഴിൽദാന നിരക്കുമായി അമേരിക്ക തിരിച്ചുവരവിന്റെ പാതയിലാണ്. ട്രമ്പ് അവകാശപ്പെട്ടു.
തെരഞ്ഞെടുപ്പിൽ ബൈഡൻ ജയിച്ചാൽ ചൈനയാകും ജയിക്കുക. ബൈഡനാണ് ജയിക്കുന്നതെങ്കിൽ ചൈന അമേരിക്കയുടെ അവകാശികളാകുമെന്നും ട്രമ്പ് മുന്നറിയിപ്പ് നൽകി. ലോവയിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. നവംബർ മൂന്നിനാണ് അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ്.
Discussion about this post