ഹുംല : ചൈനീസ് അതിർത്തിയോടു ചേർന്നു കിടക്കുന്ന ഹുംല ഗ്രാമത്തിൽ അവകാശവാദമുന്നയിച്ച് ചൈന. ഹുംല ജില്ലയിലെ പർവ്വതത്തോട് ചേർന്നു കിടക്കുന്ന ഗ്രാമത്തിൽ, ചൈന നാളുകളായി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി വരികയായിരുന്നു. അതിർത്തി ഗ്രാമത്തിൽ നിരവധി കെട്ടിടങ്ങൾ ചൈനീസ് സൈനികരുടെ മേൽനോട്ടത്തിൽ നിർമിക്കപ്പെട്ടു. എന്നാൽ, കെട്ടിടങ്ങളുടെ പണി പൂർത്തിയായതോടെ, ഈ ഗ്രാമം ഉൾപ്പെടുന്നത് ടിബറ്റ് സ്വയംഭരണ പ്രദേശത്തിന് കീഴിലാണെന്ന് ചൈന അവകാശവാദമുന്നയിച്ചു.
ടിബറ്റിന്റെ നിയന്ത്രണം ചൈനയ്ക്കായതിനാൽ, ഇനി ഗ്രാമം ചൈനീസ് റിപ്പബ്ലിക്കിന്റെ അധീനതയിലാവും. ഗ്രാമത്തിന് മേലെ നേപ്പാളിന് യാതൊരു അവകാശവും ഇല്ലെന്ന് പ്രഖ്യാപിച്ച ചൈന, ഹുംലയിൽ നിന്നും ഗ്രാമത്തിലേക്ക് ഭക്ഷണവുമായി വരുന്ന ട്രക്കുകൾ കടത്തിവിടാൻ വിസമ്മതിച്ചു. ചൈനീസ് അനുകൂല നിലപാടുകളെടുക്കുന്ന നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഓലി ഇതുവരെ ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
അതേസമയം, നേപ്പാൾ അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങൾ കഷ്ടതയനുഭവിക്കുന്നുണ്ടെന്നും, ചൈനീസ് സൈനികരുടെ സാന്നിധ്യം അവർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ടെന്നും പ്രതിപക്ഷനേതാവ് ജീവൻ ബഹദൂർ ഷാഹി ആരോപിച്ചു. നേപ്പാൾ സർക്കാരിന്റെ അറിവോ സമ്മതമോ ഇല്ലാതെ അതിർത്തിയിൽ ചൈന പില്ലറുകൾ സ്ഥാപിച്ചുവെന്നും ജീവൻ ചൂണ്ടിക്കാട്ടി. പുതിയ പില്ലറുകൾ സ്ഥാപിക്കുമ്പോൾ ഇരുരാജ്യങ്ങളുടെയും സമ്മതം ആവശ്യമാണ്.എന്നാൽ, ഈയിടെയായി അത് പാലിക്കപ്പെടുന്നില്ലെന്നും ജീവൻ വ്യക്തമാക്കി.









