ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയായ കമല ഹാരിസിന്റെ അനന്തരവൾ മീന ഹാരിസിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വൻ പ്രതിഷേധം. നവരാത്രിയോടനുബന്ധിച്ച് കമല ഹാരിസിന്റെ ദുർഗ്ഗാദേവിയായി ഫോട്ടോഷോപ്പ് ചെയ്ത ചിത്രം മീന പങ്കു വെച്ചതാണ് ഏവരെയും ചൊടിപ്പിച്ചത്.
കമലയുടെ മുഖമുള്ള ദേവി, ജോ ബൈഡന്റെ മുഖമുള്ള സിംഹത്തിന്റെ മേലിരിക്കുന്നതും ഡൊണാൾഡ് ട്രംപിന്റെ മുഖമുള്ള ശത്രുവിനെ കൊലപ്പെടുത്തുന്നതുമായ ചിത്രമാണ് മീന ഹാരിസ് പങ്കു വെച്ചത്.മീന ഹാരിസ് ഹിന്ദുമത വികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് രംഗത്തുവന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ പ്രതിഷേധം കനത്തതോടെ മീന തന്റെ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും മീനയെ രൂക്ഷമായി വിമർശിച്ച ചിലരെ അവർ ബ്ലോക്ക് ചെയ്യുകയും ചെയ്തു.
ഞങ്ങളുടെ വിശ്വാസത്തെ നിങ്ങളുടെ രാഷ്ട്രീയ താൽപര്യങ്ങൾക്കായി ഉപയോഗിക്കാനുള്ളതല്ല എന്നാണ് കാശ്മീരി കോളമിസ്റ്റും രാഷ്ട്രീയ വ്യാഖ്യാതാവുമായ സുനന്ദ വശിഷ്ട്ട് മീനയുടെ ട്വീറ്റിനെതിരെ പ്രതികരിച്ചത്. അതേസമയം, ഹിന്ദു മതവിശ്വാസികളെ അപമാനിക്കുന്ന രീതിയിലുള്ളതാണ് ഈ ചിത്രമെന്നും മാപ്പ് പറയാതെ ട്വീറ്റ് ഡിലീറ്റ് ചെയ്ത് തടിയൂരിയതിനു പിന്നിലെ രാഷ്ട്രീയമെന്താണെന്നും ഒരു ട്വിറ്റർ യൂസർ ട്വീറ്റ് ചെയ്തു.
Discussion about this post