ഇന്ത്യൻ പ്രസിഡന്റ് രാംനാഥ് കോവിന്ദിനു കത്തെഴുതി റിപ്പബ്ലിക്ക് മീഡിയ നെറ്റ്‌വർക്ക് എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി. റിപ്പബ്ലിക്ക് ചാനലിനെതിരെ നിരന്തരം ഉന്നത ഉദ്യോഗസ്ഥർ കുപ്രചരണങ്ങൾ നടത്തുന്നുണ്ടെന്നും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതു പോലെയാണ് റിപ്പബ്ലിക്ക് ചാനലിനോട് അധികാരികൾ പെരുമാറുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് അർണബ് രാഷ്ട്രപതിക്ക് കത്തെഴുതിയിട്ടുള്ളത്.
മുംബൈ കോടതിയിൽ നിന്നും മുൻകൂർ ജാമ്യം ലഭിച്ചിട്ടും റിപ്പബ്ലിക് ടിവി കൺസൾട്ടിങ് എഡിറ്റർ പ്രദീപ് ഭണ്ഡാരിയെ അനധികൃതമായി മുംബൈ പോലീസ് തടഞ്ഞുവെച്ച കാര്യം അർണബ് കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം, മുംബൈ പോലീസ് കമ്മീഷ്ണർ പരംബീർ സിങിനെതിരെ ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 500 ( അപകീർത്തിപ്പെടുത്തൽ) പ്രകാരം പരാതി നൽകാനുള്ള നടപടികൾ ആരംഭിക്കാനായി അർണബിന്റെ ലീഗൽ ടീമായ ഫീനക്സ് ലീഗലിനു നിർദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ചാനലിനെതിരെയുള്ള അധികാരികളുടെ നിയമവിരുദ്ധ നിലപാടുകൾ രാഷ്ട്രപതിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി വിവരങ്ങളെല്ലാം ഉൾപ്പെടുത്തി അദ്ദേഹം കത്തെഴുതിയത്.
അർണബ് ഗോസ്വാമിയേയും റിപ്പബ്ലിക്ക് മീഡിയ നെറ്റ്‌വർക്കിനേയും അപകീർത്തിപ്പെടുത്തിയതിന് 200 കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ടായിരിക്കും അർണബ് പരാതി നൽകുക. ടി.ആർ.പി കേസിലെ എഫ്ഐ.ആറിൽ റിപ്പബ്ലിക്ക് ചാനലിന്റെ പേരില്ലായിരുന്നുവെന്ന് മുംബൈ പോലീസിനെയും മഹാരാഷ്ട്ര സർക്കാരിനെയും പ്രതിനിധീകരിച്ച് ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുംബൈ പോലീസ് കമ്മീഷ്ണർ പരംബീർ സിങിനെതിരെ നിയമ നടപടികൾക്ക് ഒരുങ്ങുകയാണെന്ന കാര്യം അർണബ് ഗോസ്വാമി അറിയിച്ചത്.
Discussion about this post