ഏവര്‍ക്കും ആരോഗ്യവും ഉന്മേഷവും പ്രദാനം ചെയ്യുന്ന പാനീയമാണ് ജ്യൂസുകള്‍. എന്നാലിന്ന് പുറത്തുനിന്ന് ജ്യൂസ് കഴിക്കാന്‍ പലര്‍ക്കും അത്ര ധൈര്യം പോരാ. ജ്യുസ് ഉണ്ടാക്കുന്നതിനുപയോഗിക്കുന്ന പഴവര്‍ഗങ്ങള്‍ നല്ലതാണോ, വൃത്തിയോടുകൂടിയാണോ തയ്യാറാക്കുന്നത് തുടങ്ങിയ ചിന്തകള്‍ കാരണം ജ്യൂസ് കഴിക്കാം എന്ന മോഹം ഉപേക്ഷിക്കും. കടയില്‍ നിന്നും വാങ്ങിക്കുടിക്കുന്ന പല ജ്യൂസുകളും നമുക്ക് വീട്ടില്‍ത്തന്നെ തയ്യാറാക്കാവുന്നതേയുള്ളു .
കുക്കുമ്പര്‍ – ജിഞ്ചര്‍ ജ്യൂസ്
കുക്കുമ്പര്‍, ഇഞ്ചി എന്നിവ ചേര്‍ത്ത് ആരോഗ്യവും ഉന്മേഷവും നല്കുന്ന ഒരു ജ്യൂസുണ്ടാക്കാം.
കുക്കുമ്പര്‍ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കുക. ഇഞ്ചിയും തൊലി കളയുക. കുക്കുമ്പര്‍, ഇഞ്ചി, വെള്ളം എന്നിവ ചേര്‍ത്തടിച്ച് ജ്യൂസാക്കുക. വേണമെങ്കില്‍ കൂടുതല്‍ വെള്ളം ചേര്‍ക്കാം. ഇതിലേയ്ക്ക് ജീരകപ്പൊടി, പഞ്ചസാര, ഉപ്പ് എന്നിവ ചേര്‍ത്തിളക്കണം. ഇതില്‍ വേണമെങ്കില്‍ ഐസ് ചേര്‍ത്ത് ഉപയോഗിയ്ക്കാം.
ഈന്തപ്പഴ ജ്യൂസ്
ധാരാളം അസുഖങ്ങള്‍ക്കുള്ളൊരു പരിഹാരമാര്‍ഗമാണ് ഈന്തപ്പഴം. മൃദുല കോമള ചര്‍മ്മത്തിന് ഈന്തപ്പഴം ഫേസ്പാക്കും ഉപയോഗിച്ചുവരുന്നുണ്ട്. ചര്‍മ്മത്തിന് വെളുത്ത നിറം നല്കാന് ഇവയ്ക്ക് കഴിയും. ചര്‍മ്മത്തിനും മുടിക്കും ആരോഗ്യത്തിനും വേണ്ടി വീട്ടില്‍ തയ്യാറാക്കാവുന്നതാണ് ഈന്തപ്പഴ ജ്യൂസ്.
ഈന്തപ്പഴ ജ്യൂസ് നാല് കുരു കളഞ്ഞ ഈന്തപ്പഴവും, ഒരു കപ്പ് പാലും എടുക്കുക. ഈന്തപ്പഴം ചെറുചൂടുവെള്ളത്തില്‍ ഒരുമണിക്കൂര്‍ എങ്കിലും കുതിര്‍ത്തുവെക്കണം. അത് നന്നായി അലിഞ്ഞശേഷം പാലുമായി യോജിപ്പിക്കാം. ഇതില്‍ അല്പം പഞ്ചസാരയും ചേര്‍ക്കാം. പോഷകം നിറഞ്ഞ ഈന്തപ്പഴ ജ്യൂസ് തയ്യാര്‍.
മിക്സഡ് ജ്യൂസ്
ഫാഷന്‍ ഫ്രൂട്ട്, കൈതച്ചക്ക മാങ്ങാ, ചെറുനാരങ്ങാ പഴങ്ങളുടെ നീരും പഞ്ചസാരയും നന്നായി യോജിപ്പിക്കുക. മധുരം പാകമാകുന്നതിന് വേണ്ട പഞ്ചസാര ചേര്‍ക്കുക. അതില്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ഉപയോഗിക്കാം.
ബീറ്റ്റൂട്ട് ജ്യൂസ്
ബീറ്റ്റൂട്ട് തൊലികളഞ്ഞ് കഷണങ്ങള്‍ ആക്കുക. ഒരു പാത്രത്തില്‍ വെള്ളവും പഞ്ചസാരയും ബീറ്റ്റൂട്ടും ഇഞ്ചി അരിഞ്ഞതും കൂട്ടിച്ചേര്‍ത്ത് തിളപ്പിക്കുക. നന്നായി തിളച്ച് സത്ത് ഇറങ്ങിയാല്‍ ചെറുനാരങ്ങനീരും ചേര്‍ത്ത് വാങ്ങിവയ്ക്കുക. ചൂട് ആറിയതിന് ശേഷം അരിച്ച് കുപ്പിയില്‍ ആക്കിവെക്കുക. ആവശ്യാനുസരണം കുറേശ്ശെ എടുത്ത് വെള്ളം ചേര്‍ത്ത് ഉപയോഗിക്കാം.
കരിക്ക് ജ്യൂസ്
കരിക്കിന്റെ വെള്ളവും അകക്കാമ്പും മിക്സിയിലിട്ട് നല്ലവണ്ണം അടിക്കുക. പതഞ്ഞുവരുമ്പോള്‍ പഞ്ചസാരയും കണ്ടന്‍സ്ഡ് മില്‍ക്കും ചേര്‍ത്ത് വീണ്ടും അടിക്കുക. ഈ പാനീയം ഐസ്ക്യൂബിട്ട് കുടിക്കുക. വേണമെങ്കില്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചും ഉപയോഗിക്കാം.
തക്കാളി ജ്യൂസ്
തക്കാളി കഷണങ്ങളാക്കി മിക്സിയില്‍ അടിച്ചെടുക്കുക. ഇതിലേയ്ക്ക് കുരുമുളക്, ഐസ്ക്യൂബ്, നാരങ്ങാനീര് എന്നിവ ചേര്‍ത്ത് വീണ്ടും അടിച്ചെടുക്കുക. പതഞ്ഞുവരുമ്പോള്‍ ഗ്ലാസിലേയ്ക്ക് പകരാം.
Discussion about this post