ഡല്‍ഹി: കൊവിഡിനെത്തുടര്‍ന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍. വിദേശികള്‍ക്കും ഒസിഐ (ഓവര്‍സീസ് സിറ്റിസന്‍ ഓഫ് ഇന്ത്യ) കാര്‍ഡുള്ളവര്‍ക്കും വിനോദ സഞ്ചാരം ഒഴികെയുള്ള ആവശ്യങ്ങള്‍ക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാം. നിലവിലുള്ള വിസകളുടെ കാലാവധി പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
ഇതനുസരിച്ച് ഇന്ത്യയിലേക്ക് വരാനും പോകാനും ആഗ്രഹിക്കുന്ന വിദേശികള്‍ക്കും ഇന്ത്യന്‍ വംശജര്‍ക്കും വീസ, യാത്ര നിയന്ത്രണങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി മാറ്റാന്‍ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒസിഐകള്‍ക്കും വിദേശികള്‍ക്കും തുറമുഖങ്ങളിലൂടെയും വിമാനത്താവളങ്ങളിലൂടെയും വന്ദേ ഭാരത് മിഷന്റെ ഭാഗമായുള്ള വിമാനങ്ങളിലൂടെയും ഇന്ത്യയിലേക്ക് എത്താവുന്നതാണ്.
മാത്രമല്ല, ഇലക്ട്രോണിക് വീസ, ടൂറിസ്റ്റ് വീസ, മെഡിക്കല്‍ വീസ എന്നിവ ഒഴികെയുള്ള എല്ലാ വിസകളും പുനഃസ്ഥാപിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം ഇന്ത്യയിലേക്ക് എത്തുന്നവര്‍ രാജ്യത്തെ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശത്തിലുണ്ട്.
Discussion about this post