ന്യൂഡൽഹി : രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ വിദേശയാത്രകൾക്കായുള്ള പ്രത്യേക വിമാനമായ എയർ ഇന്ത്യ വൺ യുഎസിൽ നിന്നും ഇന്ന് ഇന്ത്യയിലെത്തും.വിമാന ജീവനക്കാരുടെ ഇടപെടലില്ലാതെ തന്നെ മിസൈലുകളെ പ്രതിരോധിക്കാൻ സ്വയം സജ്ജമായ മിസൈൽ പ്രതിരോധ ശേഷിയുള്ള രണ്ട് വിമാനങ്ങളാണ് അമേരിക്കയിൽ നിന്നും ഇന്ത്യ വാങ്ങിയിട്ടുള്ളത്. ഇതിൽ ആദ്യ വിമാനം ഒക്ടോബർ 1 ന് ഇന്ത്യയിലെത്തിയിരുന്നു. ബോയിങ്ങിന്റെ 777-300 ഇആർ വിമാനമാണ് എയർ ഇന്ത്യ വൺ എന്നറിയപ്പെടുന്നത്.
രണ്ടു വിമാനത്തിനും കൂടിയുള്ള ആകെ ചെലവ് 8,400 കോടി രൂപയാണ്. 2006-ലാണ് ഇന്ത്യ ബോയിങ് കമ്പനിക്ക് ഇവ നിർമ്മിക്കാൻ ഓർഡർ നൽകുന്നത്. 2018-ൽ തന്നെ ഡള്ളാസ് കേന്ദ്രീകരിച്ചുള്ള ഫാക്ടറിയിൽ നിന്നും ബോയിങ് കമ്പനി ഈ രണ്ട് വിമാനങ്ങളും നിർമിച്ചു നൽകിയിരുന്നുവെങ്കിലും അറ്റകുറ്റപ്പണികൾക്കും, സുരക്ഷാസംവിധാനങ്ങൾ വർധിപ്പിക്കാനും നവീകരണത്തിനുമായി ഇന്ത്യ തന്നെ ഇവ തിരിച്ചു നൽകുകയായിരുന്നു. ശത്രു റഡാറുകൾ സ്തംഭിപ്പിക്കാൻ കെൽപ്പുള്ള ജാമറുകളാണ് എയർ ഇന്ത്യ വൺ വിമാനത്തിന്റെ പ്രധാന പ്രത്യേകത. ആഗസ്റ്റിലാണ് രണ്ട് വിമാനങ്ങളും
രാജ്യത്ത് എത്തേണ്ടിയിരുന്നത്. ചില സാങ്കേതിക തടസ്സങ്ങളാൽ വിമാനങ്ങൾ ഇന്ത്യയിലെത്താൻ വൈകുകയായിരുന്നു.
Discussion about this post