ന്യൂഡൽഹി: കോവിഡ് വാക്സിൻ വിതരണം സുഗമമാക്കുന്നതിനായി സംസ്ഥാനങ്ങളോട് പ്രത്യേക സമിതികൾ രൂപീകരിക്കാൻ കേന്ദ്രത്തിന്റെ നിർദേശം. ആരോഗ്യരംഗത്തെ മറ്റു പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിൽ വാക്സിൻ വിതരണം ഏകോപിപ്പിക്കുന്നതിനായാണ് പാനൽ രൂപീകരിക്കാൻ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നൽകിയിട്ടുള്ളത്.
ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലുള്ള സ്റ്റേറ്റ് സ്റ്റിയറിങ് കമ്മിറ്റി (എസ്‌എസ്‌സി), അഡീഷണൽ ചീഫ് സെക്രട്ടറിയുടെയോ പ്രിൻസിപ്പൽ സ്റ്റേറ്റ് സെക്രട്ടറിയുടെയോ (ഹെൽത്ത്) നേതൃത്വത്തിലുള്ള സ്റ്റേറ്റ് ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്), ജില്ലാ മജിസ്‌ട്രേറ്റ് തലവനായുള്ള ഡിസ്ട്രിക്ട് ടാസ്ക് ഫോഴ്സ് എന്നിവ രൂപീകരിക്കാനാണ് കേന്ദ്രത്തിന്റെ നിർദേശം.
ഇതു സംബന്ധിച്ച് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ കത്തയച്ചിട്ടുണ്ട്. വാക്സിൻ ലഭ്യമായി കഴിഞ്ഞാൽ ജനങ്ങളുടെ ഇടപെടൽ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി നൂതന മാർഗങ്ങൾ ആവിഷ്കരിക്കുകയും എല്ലാ വകുപ്പുകളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യാനുള്ള ഉത്തരവാദിത്വം എസ്‌എസ്‌സിക്കായിരിക്കും.
വാക്സിൻ വിതരണം ഒരു വർഷത്തോളം നീണ്ടു നിൽക്കുമെന്നാണ് വിലയിരുത്തൽ. ആരോഗ്യ പ്രവർത്തകർ, മറ്റു രോഗങ്ങളുള്ളവർ തുടങ്ങി വിവിധ വിഭാഗങ്ങൾക്ക് ഘട്ടം ഘട്ടമായി ആയിരിക്കും വാക്സിൻ ലഭ്യമാക്കുക.
Discussion about this post