തിരുവനന്തപുരം : കള്ളപ്പണം വെളുപ്പിക്കൽ കേസിനു പിന്നാലെ ലൈഫ് മിഷൻ ക്രമക്കേടിലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ പ്രതിയാണെന്ന് വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ടുകൾ. എം. ശിവശങ്കറിനെ ലൈഫ് മിഷൻ ക്രമക്കേടിൽ അഞ്ചാം പ്രതിയാക്കി കോടതിയിൽ വിജിലൻസ് എഫ്ഐആർ സമർപ്പിച്ചിട്ടുണ്ട്.
വിജിലൻസ് സമർപ്പിച്ച എഫ്ഐആറിലെ പ്രതിപട്ടികയിൽ ശിവശങ്കറിനെ കൂടാതെ സ്വപ്ന സുരേഷും പി.എസ് സരിത്തുമുണ്ട്. നേരത്തെ, ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട് യൂണിടാക് എംഡിയേയും പി.എസ് സരിത്തിനെയും വിജിലൻസ് ചോദ്യം ചെയ്തിരുന്നു. സാമ്പത്തിക ഇടപാടുകളിൽ ശിവശങ്കറിനുള്ള പങ്ക് ഇവരെ ചോദ്യം ചെയ്തതിൽ നിന്നും വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് ശിവശങ്കറിനെ പ്രതിപട്ടികയിലുൾപ്പെടുത്തിയത്. ലൈഫ് മിഷൻ ക്രമക്കേടിൽ സ്വപ്ന സുരേഷിനെ ജയിലിൽ ചോദ്യം ചെയ്യാനായി എത്തിക്കുന്നതിനു മുമ്പാണ് വിജിലൻസ് എഫ്ഐആർ സമർപ്പിച്ചത്.
ഈ കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസി സ്വപ്നയെ ചോദ്യം ചെയ്യാൻ പോകുന്നത് ആദ്യമായാണ്. വിജിലൻസ് ശിവശങ്കറിനെ ചോദ്യം ചെയ്യാൻ കഴിഞ്ഞ ആഴ്ച തീരുമാനിച്ചിരുന്നെങ്കിലും കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തതോടെ ഇത് മാറ്റിവെയ്ക്കുകയായിരുന്നു.
Discussion about this post