തിരുവനന്തപുരം: ലഹരിക്കടത്തി കേസിൽ ബംഗളുരുവിൽ അറസ്റ്റിലായ ബിനീഷിൻറ വീട്ടിൽ എൻഫോഴ്സ്മെൻറ് സംഘം ഇന്നലെയാണ് പരിശോധനയ്ക്ക് എത്തിയത്. ഇന്നലെ രാത്രിയോടെ പരിശോധന അവസാനിപ്പിച്ചുവെങ്കിലും പിടിച്ചെടുത്ത രേഖകളുടെ മഹസറിൽ ഒപ്പുവെയ്ക്കാൻ ബന്ധുക്കൾ തയ്യാറായില്ല.
ഇതോടെ ഇഡി സംഘം വീട്ടിൽ തന്നെ തുടർന്നു. എന്നാൽ, നേരം പുലർന്നതോടെ സംഭവത്തിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. കുഞ്ഞിനെ തടഞ്ഞു വെച്ചിരിക്കുകയാണെന്ന് കാണിച്ച് കോടിയേരിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ബാലാവകാശ കമ്മീഷനു പരാതി നൽകി. പരാതിയെ തുടർന്ന് ബാലാവകാശ കമ്മീഷൻ കോടിയേരിയുടെ വീട്ടിലെത്തി. പരാതി ലഭിച്ചതിനെ തുടർന്ന് പൂജപ്പുര പോലീസും കോടിയേരിയുടെ വീട്ടിലെത്തി. പോലീസ് എത്തിയപ്പോഴോക്കും സാക്ഷികളായ സി.ആർ.പി.എഫ് ഉദ്യോഗസ്ഥരുടെ ഒപ്പ് മഹസറിൽ രേഖപ്പെടുത്തി ഇഡി സംഘം തിരിച്ചിറങ്ങുകയായിരുന്നു.
എന്നാൽ, ഇ.ഡി സംഘത്തിൻറെ വാഹനം പോലീസ് തടഞ്ഞു. പരാതി ലഭിച്ചിട്ടുണ്ടെന്നും അതിൻറെ അടിസ്ഥാനത്തിൽ മൊഴി രേഖപ്പെടുത്താനെത്തിയതാണെന്നുമാണ് പോലീസ് ഇഡിയോട് ആവശ്യപ്പെട്ടത്. എന്നാൽ, ഞങ്ങൾ താമസിക്കുന്നിടത്ത് വരൂ, അപ്പോൾ നോക്കാമെന്ന് മറുപടി നൽകി ഇ.ഡി സംഘം വാഹനം മുന്നോട്ടെടുക്കയായായിരുന്നു. തൊട്ടുപിന്നാലെ, മാധ്യമങ്ങൾക്ക് മുൻപിൽ ബിനീഷിൻറെ ഭാര്യ പ്രത്യക്ഷപ്പെട്ടു. ബിനീഷ് ഡോണല്ലെന്നും കുറച്ച് സുഹൃത്തുക്കൾ അധികമുണ്ടെന്നെയുള്ളൂ എന്നും ഭാര്യ മാധ്യമങ്ങളോട് വിശദീകരിച്ചു. ബിനീഷ് ഒരു സാധാരണ മനുഷ്യനാണെന്നും എൻറെ രണ്ടു മക്കളുടെ അച്ഛനാണെന്നും പറഞ്ഞ് ബിനീഷിൻറെ ഭാര്യ മാധ്യമങ്ങൾക്ക് മുൻപിൽ വിങ്ങിപ്പൊട്ടി.












