തിരുവനന്തപുരം: പശ്ചിമേഷ്യന്‍ ഭീകര സംഘടനയായ ഐസിസുമായി ഇന്റര്‍നെറ്റിലൂടെയും സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയും ബന്ധപ്പെട്ട പത്തിലേറെ മലയാളികളെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നു. മൂന്ന് മലയാളികളടക്കം പതിനൊന്ന് ഇന്ത്യാക്കാര്‍ യു.എ.ഇയില്‍ പിടിയിലായിട്ടുണ്ട്. ഖത്തര്‍, കുവൈറ്റ് എന്നിവിടങ്ങളിലും മലയാളികളെ ചോദ്യംചെയ്യുകയാണ്.
ഇവരില്‍ മിക്കവരും സാമൂഹ്യമാദ്ധ്യമങ്ങളില്‍ ഐസിസ് അനുകൂല സന്ദേശങ്ങള്‍ ലൈക്ക് ചെയ്യുകയും പങ്കുവയ്ക്കുകയും പിന്തുടരുകയും ചെയ്തവരാണ്. ഐസിസില്‍ ചേരാന്‍ സിറിയയിലേക്ക് കടന്ന വിദേശികളുടെ കൂട്ടത്തില്‍ താമസിച്ചിരുന്നവരും യു.എ.ഇയില്‍ പിടിയിലായിട്ടുണ്ടെന്ന് റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (റാ) സംസ്ഥാന പൊലീസിനെ അറിയിച്ചു. എന്നാല്‍ മലയാളികള്‍ക്കാര്‍ക്കും ഐസിസുമായി നേരിട്ട് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടില്ലെന്ന് ഡി.ജി.പി ടി.പി.സെന്‍കുമാര്‍ പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങള്‍ ഐസിസ് ബന്ധം സംശയിക്കുന്നവരെയെല്ലാം നാടുകടത്തുകയാണ്. ഇവരെ കണ്ടെത്താന്‍ അമേരിക്കന്‍ സഹായത്തോടെ ഇന്റര്‍നെറ്റ് നിരീക്ഷണ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഒരുസമയം ഒരുലക്ഷം ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഇവിടെ പരിശോധിക്കാം. മലപ്പുറം തിരുനാവായ സ്വദേശി ജാബിര്‍ (23) അടക്കം രണ്ട് മലയാളികളെ അബുദാബി പൊലീസ് പിടികൂടിയത് ഇതിലൂയെയാണ്. കേരളത്തിലേക്ക് മടക്കിഅയച്ച ഇരുവരേയും റാ ചോദ്യംചെയ്‌തെങ്കിലും ഐസിസ് ബന്ധം സ്ഥിരീകരിച്ചില്ല. ഒലവക്കോട് സ്വദേശി അബുതാഹിര്‍ അല്‍ ക്വ ഇദയുടെ സിറിയന്‍ വിഭാഗമായ ജബായത്ത് അല്‍നുസ്‌റയില്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിരുന്നു.
അല്‍ ക്വ ഇദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയുടെ വീഡിയോ സന്ദേശം പങ്കുവച്ചവരാണ് ഗള്‍ഫില്‍ കസ്റ്റഡിയിലുള്ളവരില്‍ ഭൂരിഭാഗവും. വാട്ട്‌സ്ആപ്പില്‍ ഐസിസ് അനുകൂല സന്ദേശമെത്തിയതിനും മലയാളികളെ ചോദ്യം ചെയ്തിട്ടുണ്ട്. ഇവരുടെ നാട്ടിലെ വിവരങ്ങള്‍ ‘റാ’യില്‍ നിന്ന് അബുദാബി പൊലീസ് തേടിയിട്ടുണ്ട്. സംശയമുള്ളവരെ മടക്കിഅയയ്ക്കും. ഇവരെ വിമാനത്താവളത്തില്‍ ഐ.ബിയും റായും കസ്റ്റഡിയിലെടുക്കും. ഐസിസിനായി റിക്രൂട്ടിംഗ് നടത്തിയ ബാംഗ്ലൂരിലെ ബഹുരാഷ്ട്രകമ്പനി ഉദ്യോഗസ്ഥന്‍ മെഹ്ദി മെഹ്ബൂബ് ബിശ്വാസിനെ ആയിരത്തിലേറെ വിദേശമലയാളികള്‍ ട്വിറ്ററില്‍ പിന്തുടര്‍ന്നിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.
സാമൂഹ്യമാദ്ധ്യമങ്ങളില്‍ മലയാളികളുടെ ഐസിസ് ബന്ധം കണ്ടെത്താന്‍ സംസ്ഥാന പൊലീസിന് സംവിധാനമില്ല. കേന്ദ്ര ഇന്റലിജന്‍സ്ബ്യൂറോ വിദേശഏജന്‍സികളുമായി ചേര്‍ന്ന് ‘ഓപ്പറേഷന്‍ ചക്രവ്യൂഹ’ എന്നപേരില്‍ നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്. സംശയമുള്ള മലയാളികളുടെ വിവരങ്ങള്‍ സംസ്ഥാന പൊലീസിന് കൈമാറും. എന്‍.ഐ.എയുടെ സൈബര്‍ ഫോറന്‍സിക് യൂണിറ്റും ഐ.ടി വിഭാഗവും ട്വിറ്ററുമായി ചേര്‍ന്നും നിരീക്ഷണംനടത്തുന്നുണ്ട്.
ട്വിറ്ററില്‍ ഐസിസ് ബന്ധമുള്ള അരലക്ഷം അക്കൗണ്ടുകളുണ്ട്. കേരളത്തില്‍ പൂജാരി, പണ്ഡിറ്റ്, മുല്ല, മൗലാന, നഖ്‌വ, ഷേഖൂ, ഷേഖ്ഹാദീസ് തുടങ്ങിയ പത്തോളം അക്കൗണ്ടുകളുണ്ട്. മുഹമ്മദ് അഹ്ദ എന്നപേരിലാണ് ചാറ്റ്‌റൂമുകളില്‍ ഐസിസ് പ്രചാരകരുള്ളത്.
Discussion about this post