കണ്ണൂര്‍ : ബിജെപി-സിപിഎം സംഘര്‍ഷത്തിന് അയവുവരുന്നതിനിടെ മട്ടന്നൂര്‍ ശിവപുരത്തു നിന്നു രണ്ടു സ്റ്റീല്‍ ബോംബുകള്‍ കൂടി കണ്ടെടുത്തു. ചൂരിയന്പാറയിലെ റബര്‍ തോട്ടത്തിനോടു ചേര്‍ന്നുള്ള പാറക്കെട്ടിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകള്‍. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ ദ്രുതകര്‍മസേനയുടെ നേതൃത്വത്തില്‍ സ്ഫോടകവസ്തുക്കള്‍ക്കായുള്ള റെയ്ഡ് തുടരുകയാണ്. ഇതിനിടെ ശ്രീകൃഷ്ണജയന്തി ദിനമായ ഇന്നു സംഘര്ഷമുണ്ടാകാതിരിക്കാനായി ജില്ലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.
സിപിഎമ്മും ബിജെപിയും സംഘടിപ്പിക്കുന്ന ഘോഷയാത്രകളോടനുബന്ധിച്ച് അക്രമമുണ്ടാകാതിരിക്കാനാണ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തലശേരി, പാനൂര്‍, കണ്ണൂര്‍ മേഖലയിലേക്കായി മൂന്നു കമ്പനി സേനയെ അധികം നിയമിച്ചു. ഇതിനു പുറമേ ബോംബ് സ്ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്. ഇരുവിഭാഗം ഘോഷയാത്രകള്‍ക്കും പ്രത്യേക റൂട്ടുകള്‍ അനുവദിച്ചുനല്കിയിട്ടുണ്ടെങ്കിലും അക്രമം ഉണ്ടായേക്കാമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണു കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയത്.
ബോംബ് സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ പാനൂരില്‍ പ്രഖ്യാപിച്ച കണ്ട്രോള് റൂം 12നു തുറന്നുപ്രവര്‍ത്തിക്കും. ഇതിനായി ഒരു കമ്പനി സേനയെ പ്രത്യേകം നിയോഗിക്കാനും തീരുമാനമുണ്ട്. ഉത്തരമേഖലാ എഡിജിപി ശങ്കര്‍ റെഡ്ഢിയുടെ നേതൃത്വത്തില്‍ ഉന്നത പൊലീസ് സംഘം ജില്ലയിലെ വിവിധ സംഘര്‍ഷമേഖലകള്‍ സന്ദര്‍ശിച്ചു. ഇരിട്ടി, മട്ടന്നൂര്‍, കണ്ണൂര്‍ മേഖലകളിലാണ് എഡിജിപി സന്ദര്‍ശനം നടത്തിയത്. അക്രമങ്ങളെ ഒരുതരത്തിലും വച്ചുപൊറുപ്പിക്കില്ലെന്നും ഏതുവിധേനയും അടിച്ചമര്‍ത്തുമെന്നും കാപ്പാ നിയമപ്രകാരമുള്ള നടപടികള്‍ തുടരുമെന്നും എഡിജിപി പറഞ്ഞു.
Discussion about this post