അടുത്ത വർഷം നടക്കാനിരിക്കുന്ന പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കൃത്യമായ പദ്ധതികൾ ആവിഷ്കരിച്ച് ബിജെപി. ബംഗാളിലെ അമിത് ഷായുടെ ദ്വിദിന സന്ദർശനം ഇതിനുള്ള മുന്നൊരുക്കമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ബംഗാളിലെ 294 നിയമസഭാ സീറ്റുകളിൽ 200 എണ്ണം ഉറപ്പിക്കാമെന്ന അമിത് ഷായുടെ ആത്മവിശ്വാസം മമതയുടെ ക്യാമ്പിൽ ഭീതി വിതച്ചിരിക്കുന്നതായാണ് സൂചന.
200 സീറ്റെന്ന തന്റെ അവകാശവാദത്തെ പരിഹസിക്കുന്നവരോട് അത് തുടരാനാണ് അമിത് ഷാ ആവശ്യപ്പെടുന്നത്. ചിട്ടയായ ആസൂത്രണവും പ്രവർത്തനമികവും അസാദ്ധ്യമായവയെ സാദ്ധ്യമാക്കുമെന്ന് ത്രിപുരയെ ഓർമ്മിപ്പിച്ച് അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ഗോത്രനേതാവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ബിർസ മുണ്ടയെ ഭഗവാൻ ബിർസ മുണ്ട എന്നാണ് അമിത് ഷാ സംബോധന ചെയ്തത്. കോളനിവാഴ്ചയ്ക്കും അതിന്റെ ഉപോത്പന്നമായ ക്രൈസ്തവ മതപരിവർത്തന ലോബിക്കും എതിരായ ഗോത്രവിഭാഗങ്ങളുടെ പോരാട്ടം അനുസ്മരിപ്പിച്ചു കൊണ്ടാണ് അമിത് ഷാ ബംഗാളിലെ ഓരോ പൊതുവേദിയിലും പ്രസംഗിക്കുന്നത്.
രാഷ്ട്രീയ നിലപാടുകൾ സാന്ദർഭികമായി മാറി മറിയുന്നതാണ് ഈ അടുത്തകാലത്ത് നടന്ന തെരഞ്ഞെടുപ്പുകളിൽ ത്രിപുരയിലും ബംഗാളിലും ദൃശ്യമായത്. ദീർഘകാലം സിപിഎം ഭരിച്ചിരുന്ന ഈ സംസ്ഥാനങ്ങളിൽ ഇന്ന് പാർട്ടി കടലാസിൽ മാത്രമായി ഒതുങ്ങിയത് രാഷ്ട്രീയ വിദ്യാർത്ഥികളിൽ കൗതുകവും ജിജ്ഞാസയും ഉളവാക്കുന്നതാണ്. എന്നാൽ ഈ രണ്ട് സംസ്ഥാനങ്ങളിലെയും സാധാരണക്കാരൻ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി എന്നതാണ് വസ്തുത. വികസന മുരടിപ്പ് യുവാക്കളെയും മുതിർന്നവരെയും ഒരേ പോലെ നിരാശരാക്കി. ഇതര സംസ്ഥനങ്ങളിലും രാജ്യത്ത് ആകമാനവും ബിജെപി സർക്കാരുകൾ കൊണ്ടു വന്ന വിപ്ലവകരമായ മാറ്റങ്ങൾ കൃത്യമായി ഇവിടങ്ങളിലെ ജനങ്ങളിലേക്കെത്തിക്കാൻ ബിജെപിക്ക് സാധിച്ചു. ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റവും മമത സർക്കാരിന്റെ പ്രീണന നയങ്ങളും കൃത്യമായി അഭിസംബോധന ചെയ്താണ് ബംഗാളിൽ ബിജെപി മുന്നോട്ട് പോകുന്നത്.
ബംഗാളിൽ നിലവിൽ 16 എം എൽ എമാരാണ് ബിജെപിക്ക് ഉള്ളത്. തൃണമൂലിന് 222 എം എൽ എമാർ ഉണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് 19ഉം കോൺഗ്രസിന് 24 എം എൽ എമാരുമാണ് നിലവിലുള്ളത്.
എന്നാൽ അസാദ്ധ്യമായത് സാദ്ധ്യമാകുന്നത് എങ്ങനെ എന്നതിന് സമീപകാല ചരിത്രവും കണക്കുകളുമാണ് സാക്ഷ്യം പറയുന്നത്. ത്രിപുരയാണ് ഇവിടെ ദിശാസൂചി.
2013ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ത്രിപുരയിൽ ബിജെപിക്ക് കേവലം ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് 49 സീറ്റുകളും കോൺഗ്രസിന് 10 സീറ്റും ലഭിച്ചു. തൊട്ടടുത്ത വർഷം, അതായത് 2014ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റും കമ്മ്യൂണിസ്റ്റ് പാർട്ടികൾ സ്വന്തമാക്കിയപ്പോൾ കോൺഗ്രസിനും ബിജെപിക്കും നിരാശയായിരുന്നു ഫലം.
എന്നാൽ നാല് വർഷങ്ങൾക്ക് ശേഷം 2018ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ത്രിപുരയെ മാത്രമല്ല, ഇന്ത്യയെ ആകമാനം ഞെട്ടിച്ച ഫലമാണ് പുറത്തുവിട്ടത്. ബിജെപി ഒരു സീറ്റിൽ നിന്ന് 36 സീറ്റുകൾ നേടി സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായി അധികാരം നേടിയപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടികൾ 16 സീറ്റിൽ ഒതുങ്ങി. തീർന്നില്ല, തുടർന്ന് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ആകെ ഉണ്ടായിരുന്ന രണ്ട് എം പിമാരെയും സിപിഎമ്മിന് നഷ്ടമായി. വോട്ടിംഗ് യന്ത്രങ്ങളുടെ മേൽ പഴിചാരി രക്ഷപ്പെടാനുള്ള കമ്മ്യൂണിസ്റ്റ് തന്ത്രങ്ങളെ ദേശീയ മാധ്യമങ്ങളുടെ അഭിപ്രായ സർവ്വേകൾ പൊളിച്ചടുക്കി.
ബംഗാളിലും സമാനമായ സാഹചര്യമാണ് നിലവിലുള്ളത്. 2006ൽ 233 സീറ്റുകൾ ബംഗാളിൽ നേടിയ ഇടത് മുന്നണി 2011ൽ 62ൽ ഒതുങ്ങി. കോൺഗ്രസുമായി ചേർന്ന് മത്സരിച്ച മമതയുടെ തൃണമൂൽ അധികാരം പിടിച്ചു. 2016ൽ തൃണമൂൽ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുകയും ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ മേൽക്കോയ്മ നിലനിർത്തുകയും ചെയ്തു.
ദീർഘകാലമായി മൃഗീയ ഭൂരിപക്ഷത്തിൽ അധികാരം കൈയ്യാളിയ പ്രസ്ഥാനങ്ങൾ ജനവഞ്ചന പതിവാക്കിയപ്പോൾ അവയെ നിഷ്കരുണം, മടങ്ങിവരാൻ സാധിക്കാത്ത വണ്ണം നിലം പരിശാക്കിയ പാരമ്പര്യമാണ് ത്രിപുരയുടെയും ബംഗാളിന്റെയും എന്നതാണ് വസ്തുത.
ഇവിടെ ബിജെപിയുടെ കണക്കുകൾ കൗതുകകരമാണ്. ഒന്നുമില്ലായ്മയിൽ നിന്ന് പാർട്ടി ത്രിപുരയിൽ അധികാരം പിടിച്ചു. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ 18 സീറ്റുകൾ നേടി ഏവരെയും ഞെട്ടിച്ചു. കേരളത്തിന് സമാനമായ രാഷ്ട്രീയ പരിതസ്ഥിതി ഉണ്ടായിരുന്ന സംസ്ഥാനത്ത് പാർട്ടി 42.86 ശതമാനം വോട്ട് നേടി. ഈ കണക്കുകളാണ് 2021നെ ഉന്നം വെക്കുമ്പോൾ അമിത് ഷായുടെ കൈമുതൽ.
മമത സർക്കാരിന്റെ ധാർഷ്ട്യത്തിനെതിരായ ജനരോഷമാണ് ഇവിടെ ബിജെപിയുടെ മുഖ്യ ആയുധം. മമതയുടെ വർഗ്ഗീയ പ്രീണന നയങ്ങളെ ‘ജയ് ശ്രീറാം‘ വിളികളോടെ ജനക്കൂട്ടം എതിരേറ്റത് 2019ൽ രാജ്യം കണ്ടിരുന്നു. പരമ്പരാഗതമായി കാളി ഭക്തർ ഭൂരിപക്ഷമായ ബംഗാളിൽ കൃത്യമായ കണക്ക് കൂട്ടലുകളാണ് ബിജെപിയെ നയിക്കുന്നത്. ദുർഗ്ഗാപൂജയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കാർക്കശ്യം പുലർത്തിയ മമതയുടെ നാമജപത്തോടുള്ള അസഹിഷ്ണുത , അവരുടെ ഭീഷണികളിൽ നിന്ന് ജനങ്ങൾ വായിച്ചെടുത്തിരുന്നു
രാമക്ഷേത്ര നിർമ്മാണത്തിന് മുമ്പങ്ങും ഇല്ലാത്ത വിധം അഭൂതപൂർവ്വമായ പിന്തുണയാണ് ബംഗാളിൽ നിന്നും ഇപ്പോൾ ലഭിക്കുന്നത്. സംസ്ഥാനത്ത് ബംഗ്ലാദേശികൾ നുഴഞ്ഞു കയറുന്നതും കലാപങ്ങളിൽ നടക്കുന്ന ഹിന്ദു കൊലപാതകങ്ങളും അവയിൽ അന്വേഷണങ്ങൾ നടക്കാത്തതും ബിജെപി ചർച്ചയാക്കുന്നു. ഉംപുൻ കൊടുങ്കാറ്റ് വരുത്തിയ നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ വരുത്തിയ വീഴ്ചകളും ബിജെപി തുറന്നു കാട്ടുന്നു.
നരേന്ദ്ര മോദി എന്ന ദേശീയ നേതാവിന്റെ വ്യക്തിപ്രഭാവവും ബംഗാളിൽ മാറ്റത്തിന്റെ സൂചനകൾ നൽകുന്നു. ദശാബ്ദങ്ങളുടെ നിശ്ശബ്ദത ഭഞ്ജിച്ച് കമ്മ്യൂണിസത്തെ നിഷ്കാസനം ചെയ്ത ചരിത്രമാണ് ബംഗാളിന്റേത്. വിശ്വാസം നഷ്ടപ്പെടുത്തിയാൽ ഒരിക്കലും പിന്നീട് അവസരം നൽകാത്ത കാർക്കശ്യമാണ് ബംഗാളിന്റെ രാഷ്ട്രീയ മനസ്സ്. ഈ മനസ്സിനെ മമത ഭയന്ന് തുടങ്ങുന്നതും അമിത് ഷാ അഭിവാദ്യം ചെയ്യുന്നതും മറ്റൊരു ത്രിപുരയുടെ സൂചനകളാണ് രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് മുന്നിൽ വെക്കുന്നത്.
Discussion about this post