ന്യൂഡൽഹി: ഇന്ത്യയിൽ ഫെബ്രുവരിയോടു കൂടി കോവാക്സിൻ എത്തിക്കാൻ ലക്ഷ്യമിട്ട് ഭാരത് ബയോടെക്. വാക്സിൻ സൗജന്യമായി നൽകേണ്ട വിഭാഗത്തെപ്പറ്റിയുള്ള വിവരങ്ങൾ വിദഗ്ധസംഘം കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർദ്ധനന് കൈമാറി.
ആദ്യഘട്ടത്തിൽ, 30 കോടിയിലധികം ഗുണഭോക്താക്കൾക്ക് വാക്സിൻ നൽകേണ്ടി വരുമെന്ന് റിപ്പോർട്ടിൽ പറയുന്നു.നാലു വിഭാഗങ്ങളാക്കിയാണ് ഗുണഭോക്താക്കളുടെ വിവരങ്ങൾ വിദഗ്ധസംഘം തയ്യാറാക്കിയിരിക്കുന്നത്. ആദ്യ വിഭാഗത്തിൽ ഒരു കോടിയിലധികം വരുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും മെഡിക്കൽ വിദ്യാർഥികൾക്കും മറ്റു ആരോഗ്യ പ്രവർത്തകർക്കും നൽകണമെന്നാണ് വിദഗ്ധർ അനുശാസിക്കുന്നത്. രണ്ടാമത്തെ വിഭാഗത്തിൽ, രണ്ടു കോടിയിലധികം വരുന്ന മുൻസിപ്പൽ പ്രവർത്തകർക്കും പോലീസ് ഉദ്യോഗസ്ഥർക്കും ആർമി വിഭാഗത്തിനും നൽകണമെന്നാണ്. മൂന്നാം വിഭാഗത്തിൽ, 26 കോടി പേർ വരുന്ന 50 വയസ്സിന് മുകളിലുള്ള വയോധികർക്ക് നൽകണമെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. നാലാം വിഭാഗത്തിൽ, ഒരുകോടിയിലധികം വരുന്ന രോഗാവസ്ഥയിൽ കഴിയുന്ന 50 വയസ്സിന് താഴെയുള്ളവർക്ക് നൽകാൻ വിദഗ്ധസംഘം ആവശ്യപ്പെടുന്നു. ഈ നാലു വിഭാഗത്തിൽപ്പെട്ടവർക്ക് സൗജന്യമായി കോവാക്സിൻ നൽകാനാണ് വിദഗ്ധസംഘം നിർദേശിക്കുന്നത്.
വാക്സിൻ നൽകുന്നതിനു വേണ്ടി ഗുണഭോക്താക്കളുടെ വിവരങ്ങൾ ഇലക്ട്രോണിക് വാക്സിൻ ഇന്റലിജൻസ് നെറ്റ്‌വർക്കിൽ രേഖപ്പെടുത്താൻ സംസ്ഥാന സർക്കാരിനോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. വാക്സിൻ ലഭിക്കുന്നതിനുവേണ്ടി ഗുണഭോക്താക്കൾ ആധാറിന്റെ സഹായത്തോടു കൂടി വിവരങ്ങൾ രേഖപ്പെടുത്തണം.ആധാർ ഇല്ലാത്ത പക്ഷം, മറ്റു തിരിച്ചറിയിൽ കാർഡുകൾ ഉപയോഗിക്കാമെന്നും അധികാരികൾ വ്യക്തമാക്കുന്നുണ്ട്.
Discussion about this post