ചെന്നൈ: നിയുക്ത അമേരിക്കൻ വൈസ്പ്രസിഡന്റ് കമല ഹാരിസിനു മാത്രമല്ല പ്രസിഡന്റ് ജോ ബൈഡനും ഇന്ത്യയുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ടുകൾ. അകന്ന ബന്ധമല്ല, വളരെ ശക്തമായ രക്തബന്ധമുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത് ലണ്ടനിലുള്ള കിംഗ്സ് കോളേജിലെ വിസിറ്റിംഗ് പ്രൊഫസറായ ടിം വില്ലസി വിൽസെയാണ്. ബൈഡന്റെ പൂർവികർ ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ ജോലി ചെയ്തിരുന്നവരായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ, സഹോദരങ്ങളും ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ഉദ്യോഗസ്ഥരുമായ ക്രിസ്റ്റഫർ ബൈഡനും വില്യം ബൈഡനും ഇന്ത്യയിലെത്തി. ചെറുപ്രായത്തിൽ തന്നെ വില്യം മരണമടഞ്ഞു. എന്നാൽ, ക്രിസ്റ്റഫർ കമ്പനിയുടെ ക്യാപ്റ്റൻ പദവിയിൽ എത്തുകയും തുടർന്ന് ചെന്നൈയിൽ വിവാഹം ചെയ്ത് താമസമാക്കുകയും ചെയ്തു. ആ ക്രിസ്റ്റഫറിന്റെ അഞ്ചാം തലമുറയിൽപ്പെട്ട ചെറുമകനാണ് ജോ ബൈഡൻ.
അമേരിക്കൻ വൈസ് പ്രസിഡന്റായിരുന്ന കാലത്ത് ബൈഡൻ ഇന്ത്യ സന്ദർശനം നടത്തിയപ്പോൾ അദ്ദേഹം ഇക്കാര്യം പരാമർശിച്ചിരുന്നു. 1972 -ൽ താൻ ആദ്യമായി സെനറ്ററായപ്പോൾ ഇന്ത്യയിലെ ബന്ധുക്കളായ ബൈഡന്മാർ കത്തയച്ചിരുന്നത് അന്ന് അദ്ദേഹം ഓർത്തു. പിന്നീട്, രണ്ടു വർഷങ്ങൾക്കുശേഷം തന്റെ അഞ്ചോളം ബന്ധുക്കൾ മുംബൈയിൽ താമസമുണ്ടെന്നും ബൈഡൻ പറഞ്ഞിരുന്നു.
Discussion about this post