തിരുവല്ല: കോടിക്കണക്കിന് രൂപയുടെ അനധികൃത വിദേശസഹായം സ്വീകരിച്ചതു മൂലം കുരുക്കിലായ ബിലീവേഴ്സ് ചർച്ച് മേധാവി കെ.പി യോഹന്നാൻ നടപടികളിൽ നിന്നും രക്ഷപെടാൻ കനേഡിയൻ കോടതിയിൽ പാപ്പർ ഹർജി നൽകി. സുവിശേഷ, സേവന പ്രവർത്തനങ്ങൾക്ക് വേണ്ടി തങ്ങൾ നൽകിയ പണം യോഹന്നാൻ ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി അമേരിക്കയിലും കാനഡയിലുമുള്ള ചിലർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നൽകിയിരുന്നു.
ഇതിനു പിന്നാലെ ജൂണിലാണ് ഗോസ്പെൽ ഫോർ ഏഷ്യയും യോഹന്നാനും പാപ്പർ ഹർജി നൽകിയത്. ആദായനികുതി വകുപ്പ് ഉൾപ്പെടെയുള്ള ഏജൻസികൾ ബിലീവേഴ്സ് ചർച്ചിനെതിരെ അന്വേഷണമാരംഭിച്ചത് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കൂടിയാണ്. കൊച്ചിയിലെ ഡയറക്ടർ ജനറൽ ഓഫ് ഇൻകം ടാക്സിന്റെ ഉത്തരവു പ്രകാരം ബിലീവേഴ്സ് ചർച്ചിനു കീഴിലുള്ള സ്ഥാപനങ്ങളിൽ നാലുദിവസമായി നടത്തിവന്നിരുന്ന പരിശോധന പൂർത്തിയായിട്ടുണ്ട്. ആറായിരം കോടിയോളം രൂപയാണ് അനധികൃതമായി ഇന്ത്യയിലെത്തിയത്.
അതേസമയം, കെ.പി യോഹന്നാനെയും ബിലീവേഴ്സ് ചർച്ചിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെ പ്രധാന ചുമതലയുള്ള ഫാദർ ഡാനിയൽ വർഗീസിനെയും വിദേശത്തു നിന്നും ഇന്ത്യയിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. യോഹന്നാന് ഏറ്റവും കൂടുതൽ പണമെത്തിയത് കാനഡയിലെ അക്കൗണ്ടുകളിൽ നിന്നാണെന്നാണ് റിപ്പോർട്ടുകൾ. കോടതി ഉത്തരവ് പ്രകാരം പണമിടപാടുകൾ സംബന്ധിച്ച് കനേഡിയൻ ഏജൻസികൾ അന്വേഷണം നടത്തി വരികയാണ്. യോഹന്നാൻ വിദേശത്തുള്ള സ്വത്തുക്കൾ മുഴുവൻ ബിനാമികളുടെ പേരിലേക്ക് മാറ്റിയെന്നാണ് ലഭ്യമായ വിവരങ്ങൾ.
Discussion about this post