തിരുവനന്തപുരം : സ്കൂള്‍ കുട്ടികളുടെ പഠന നിലവാരം താഴുന്നതായി എസ്സിഇആര്ടിയുടെ പഠനറിപ്പോര്‍ട്ട്. നാലാം ക്ലാസിലെ 47% കുട്ടികള്‍ക്കും മലയാളം എഴുതാന്‍ അറിയില്ല. 25% കുട്ടികള്‍ക്ക് ഇംഗ്ലീഷ് അറിയില്ല, കണക്കും ശാസ്ത്രപഠനവും ഇതിലും മോശമാണ്. ഏഴാം ക്ലാസില്‍ അഞ്ചു ശതമാനത്തിന് അക്ഷരം പോലും അറിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 4,800 കുട്ടികള്‍ക്കിടയില്‍ നടത്തിയ സര്‍വേയാണ് പഠന, ബോധന നിലവാര തകര്‍ച്ച പുറത്തുകൊണ്ടുവന്നത്.
നാലാം ക്ലാസിലെ 47 ശതമാനം കുട്ടികള്‍ക്കും മലയാളത്തില്‍ എഴുതാനുള്ള കഴിവും ലളിതമായ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള കഴിവും ഇല്ല. ഇംഗ്ലിഷില്‍ 25 ശതമാനത്തിനു പ്രഥാമിക അറിവ് പോലുമില്ല. ഗണിതത്തിലേക്കും പരിസ്ഥിതി ശാസ്ത്രത്തിലേക്കുമെത്തുമ്പോള് പ്രശ്നം കൂടുതല്‍ ഗൗരവമാകുകയാണ്. 63% പേര് കണക്കു പഠിത്തത്തില്‍ പിറകിലാണ്. പരിസ്ഥിതി പഠനത്തിലാകട്ടെ 100 ല്‍ 73 പേര്‍ക്കും അടിസ്ഥന വിവരങ്ങളില്ല. ഏഴാം ക്ലാസിലെത്തിയാലും മാതൃഭാഷ ശരിക്കു വഴങ്ങാത്തവരാണ് 35%. 5% കുട്ടികള്‍ക്ക് അക്ഷരം അറിയില്ലെന്ന ഞെട്ടിപ്പിക്കുന്ന വിവരവും റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നു.
38 ശതമാനം പേര്‍ക്ക് മലയാളം നന്നായി എഴുതാന്‍ അറിയില്ല. വീട്ടില്‍ വളര്‍ത്തുന്ന ഒരു മൃഗത്തിന്റെ പേരുപോലും ശരിക്ക് എഴുതാനറിയാത്തവര്‍ ഏഴാം ക്ലാസിലുണ്ട്. ഏഴാം ക്ലാസിലെ 85 ശതമാനവും അടിസ്ഥാന ശാസ്ത്രപഠനത്തില്‍ പുറകിലാണ്. ഗണിതത്തിലും 73% പേര്‍ക്ക് മികവില്ല. തിരുവനന്തപുരം ജില്ലയില്‍ ജ്യോമിട്രിയില് 19% പേര് ഒരു സ്കോറും നേടിയില്ല. ഇംഗ്ലിഷില്‍ എഴുത്തും വായനയും വേണ്ടപോലെ ഗ്രഹിക്കാത്തവര് 55 ശതമാനത്തോളം വരും.
തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍, കാസര്‍കോട്, ജില്ലകളിലെ നാല്, ഏഴ് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കിടയിലാണ് എസ്സിഇആര്ടി പഠനം നടത്തിയത്. ഭാഷ, ഗണിതം, ശാസ്ത്രം, പരിസ്ഥിതി പഠനം എന്നീ വിഷയങ്ങളിലെ പഠന, ബോധന നിലവാരമാണ് പരിശോധിച്ചത്.
Discussion about this post