ഡൽഹി: ഓഗസ്റ്റ് നാലിന് അഫ്ഗാനിസ്ഥാനിലെ നാംഗർഹാർ പ്രവിശ്യയിലെ ജലാലാബാദിൽ ജയിൽ ആക്രമിച്ച പതിനൊന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരിൽ മൂന്ന് ഇന്ത്യക്കാർ ഉൾപ്പെട്ടിരുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഈ മൂന്ന് പേരും മലയാളികളാണെന്ന് അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
29 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിൽ മലയാളിയായ കാസർകോട് പടന്ന സ്വദേശി കല്ലുകെട്ടിയ പുരയിൽ ഇജാസ് ഉൾപ്പെട്ടിരുന്നതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇജാസിന്റെ സുഹൃത്തായ ബെക്സൺ എന്നയാളാണ് അഫ്ഗാനിൽ എത്തിയ രണ്ടാമത്തെ മലയാളിയെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്നാമൻ കണ്ണൂർ സ്വദേശിയായ സജാദാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ രാജ്യം വിടുന്നവരെ കുറിച്ച് ദേശീയ അന്വേഷണ ഏജൻസി വിവര ശേഖരണം നടത്തുന്നുണ്ട്. അഫ്ഗാനിസ്ഥാൻ സുരക്ഷാ ഏജൻസികളുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനൊടുവിലാണ് എൻ ഐ എക്ക് കൂടുതൽ മലയാളികളുടെ വിവരം ലഭിച്ചത്.
കാസർകോട് സ്വദേശിയായ ഇജാസ് 2016ലാണ് ഐസിസിൽ ചേരാനായി കുടുംബത്തിനൊപ്പം പുറപ്പെട്ടത്. മസ്‌ക്കറ്റ് വഴി അഫ്ഗാനിസ്ഥാനിലെ ഖൊറാസാൻ പ്രവിശ്യയിലേക്കാണ് ഇയാൾ എത്തിയത്. രണ്ടാമത്തെ മലയാളി ബെക്സണും കുടുംബത്തിലെ അംഗങ്ങളെയും കൂട്ടിയാണ് ഐസിസിൽ ചേരാൻ പോയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 2018ലാണ് മൂന്നാമൻ സജാദ് തീവ്രവാദ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി ഐസിസിൽ ചേർന്നത്. ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പമാണ് ഇയാൾ രാജ്യം വിട്ടത്. മൈസൂരുവിലേക്ക് എന്ന് പറഞ്ഞ് നാട്ടിൽ നിന്നും പോയ ഇയാൾ മടങ്ങിവരാത്തതിനെ തുടർന്ന് പൊലീസ് കേസെടുത്തിരുന്നു.
ഇസ്ലാമിക് സ്റ്റേറ്റ്, താലിബാൻ ഭീകരരെ പാർപ്പിച്ചിരുന്ന അഫ്ഗാൻ ജയിലിന് മുന്നിൽ കാർ ബോംബ് സ്‌ഫോടനം നടത്തിയശേഷം ഐസിസ് ഭീകരർ സുരക്ഷാ സൈനികർക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ഇരുപത് മണിക്കൂറോളം നീണ്ടുനിന്ന ആക്രമണത്തിനൊടുവിൽ സൈന്യം ഭീകരരെ തുരത്തിയിരുന്നു. എട്ടോളം ഭീകരരെ വധിച്ച സൈന്യം ജയിലിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച ആയിരത്തിലധികം തടവുകാരെയും പിടികൂടിയിരുന്നു.
ഇപ്പോൾ പുറത്ത് വന്ന ഒരു ഗ്രൂപ്പ് ഫോട്ടോയിൽ നിന്നുമാണ് മൂന്നാമത്തെ ഭീകരനും മലയാളിയായ സജാദാണെന്ന് വ്യക്തമായത്. ആക്രമണത്തിന് തൊട്ടുപിന്നാലെ ഐസിസിനെ അനുകൂലിക്കുന്ന സമൂഹ മാദ്ധ്യമങ്ങളിലെ പേജുകളിൽ ആക്രമണകാരികളുടെ ഗ്രൂപ്പ് ഫോട്ടോ വന്നിരുന്നു. ഇതിൽ പതിനൊന്ന് പേരുടെ ചിത്രങ്ങളാണുള്ളത്. ഇതിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് സജാദിന്റെ വിവരങ്ങൾ പുറത്തു വരാൻ കാരണമായത്. ഗ്രൂപ്പ് ഫോട്ടോയിൽ നിന്നും സജാദിനെ നാട്ടിലുള്ളവർ തിരിച്ചറിയുകയായിരുന്നു.












