കൊച്ചി: നയതന്ത്രപാർസലിലെ സ്വർണ്ണക്കടത്ത് പിടിക്കപ്പെട്ടതോടെ സ്വപ്നം കീഴടങ്ങാൻ ഒരുങ്ങിയിരുന്നുവെന്നും, എന്നാൽ, ശിവശങ്കറിന്റെ ഫോൺ വന്നതോടെ തീരുമാനം മാറ്റിയെന്നും മൊഴി. സ്വപ്നയുടെ കൂട്ടുപ്രതി സന്ദീപ് നായരാണ് ഇപ്രകാരം മൊഴി നൽകിയത്.
ബംഗളൂരുവിലേക്ക് ഒളിച്ചു കടക്കാൻ മുഖ്യപ്രതി സ്വപ്ന സുരേഷിനു നിർദേശം നൽകിയത് ശിവശങ്കർ ആണെന്നും സന്ദീപ് വെളിപ്പെടുത്തുന്നു. പാഴ്സൽ സ്വർണം പിടിച്ചെടുത്തതോടെ ഒളിവിൽപോയ സ്വപ്നയും സന്ദീപും കൊച്ചിയിൽ തന്നെയുള്ളപ്പോഴാണ് സന്ദീപിന്റെ ഫോണിലേക്ക് ശിവശങ്കർ വിളിച്ചത്. ഫോൺ സ്വപ്നയ്ക്കു കൈമാറാൻ പറഞ്ഞ ശിവശങ്കർ സ്വപ്നയുമായി കുറേ നേരം സംസാരിച്ചു. അതിനു ശേഷമാണ് ബാംഗ്ലൂരിലേക്ക് പോകാമെന്ന് സ്വപ്ന തന്നോട് നിർദ്ദേശിച്ചതെന്ന് സന്ദീപ് പറഞ്ഞു. ബംഗളൂരുവിൽ എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും തന്റെ ഭർത്താവിനെയും മക്കളെയും കൂടെ കൊണ്ടു പോകുമെന്നും സ്വപ്ന വ്യക്തമാക്കി.
മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനാൽ കോടതിയിൽ കീഴടങ്ങാനായിരുന്നു തീരുമാനം. എന്നാൽ, ശിവശങ്കറും ആയി ഉണ്ടായ സംഭാഷണത്തിന് ശേഷം സ്വപ്ന തീരുമാനം മാറ്റിയതായി സന്ദീപ് വെളിപ്പെടുത്തി.സന്ദീപ് നൽകിയ രഹസ്യമൊഴി മുദ്രവച്ച കവറിൽ എൻ ഐ.എ കോടതിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post