രാഹുൽ ഗാന്ധിയെ കുറിച്ച് മോശം പരാമർശം അടങ്ങിയ, ബറാക് ഒബാമയുടെ ‘എ പ്രോമിസ്ഡ് ലാൻഡ്’ എന്ന പുസ്തകത്തെക്കുറിച്ചുള്ള ശശി തരൂരിന്റെ പ്രസ്താവനയെ പരിഹസിച്ച് സംവാദകൻ ശ്രീജിത്ത് പണിക്കർ.
മന്മോഹൻ സിങ്ങിനെ പുകഴ്ത്തുന്ന പുസ്തകത്തിന്റെ 902 പേജുകളിലെങ്ങും നരേന്ദ്ര മോദി എന്ന പേരുപോലും ഇല്ലെന്നായിരുന്നു തരൂരിന്റെ പരാമർശം. എന്നാൽ പുസ്തകത്തിൽ 2011 വരെയുള്ള കാര്യങ്ങളേ പറയുന്നുള്ളൂവെന്നും 2012 മുതലുള്ള ഭാഗങ്ങൾ ഉൾപ്പെടുത്തി പുസ്തകത്തിന്റെ രണ്ടാം ഭാഗം വരാനിരിക്കുന്നതേയുള്ളൂവെന്നും പുസ്തകത്തിന്റെ ആമുഖത്തെ ആസ്പദമാക്കി ശ്രീജിത്ത് പണിക്കർ നിരീക്ഷിക്കുന്നു. 2014ൽ ഇന്ത്യൻ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയെക്കുറിച്ച് 2011 വരെയുള്ള കാര്യങ്ങൾ പറയുന്ന പുസ്തകത്തിൽ ഒബാമ എന്തെഴുതണം എന്നാണ് തരൂർ പറയുന്നത് എന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ശ്രീജിത്ത് പണിക്കർ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
എന്നാലും എന്റെ ശശി തരൂരേ, ഇതാ എന്റെ വക ഒരു വാക്ക് പഠിച്ചോളൂ!
രാഹുൽ ഗാന്ധിയെ കുറിച്ച് മോശം പരാമർശം അടങ്ങിയ, ബറാക് ഒബാമയുടെ ‘എ പ്രോമിസ്ഡ് ലാൻഡ്’ എന്ന പുസ്തകം ഇന്നലെ എനിക്കും കിട്ടി. രാഹുലിനെ കുറിച്ച് മോശമായ വിലയിരുത്തൽ ആണെന്ന വസ്തുത പുറത്തുവന്നപ്പോൾ തരൂർ ‘വലിയ വാർത്ത’ എന്നു പറഞ്ഞ് ഇങ്ങനെ ട്വീറ്റ് ചെയ്തിരുന്നു: ‘മന്മോഹൻ സിങ്ങിനെ പുകഴ്ത്തുന്ന പുസ്തകത്തിന്റെ 902 പേജുകളിലെങ്ങും നരേന്ദ്ര മോദി എന്ന പേരുപോലും ഇല്ല.’
പുസ്തകം വായിച്ചു തുടങ്ങി അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ തരൂരിന്റെ ആവേശത്തിന്റെ കാരണം എനിക്ക് മനസ്സിലായി; ആൾ പുസ്തകം വായിച്ചിട്ടില്ല. ഏതൊരു പുസ്തകത്തിലെയും അധ്യായങ്ങൾ വായിച്ചു തുടങ്ങുന്നതിനു മുൻപ് നിർബന്ധമായും വായിച്ചിരിക്കേണ്ടത് അതിന്റെ ആമുഖമാണ്. ആമുഖത്തിൽ ഒബാമ ഇങ്ങനെ പറയുന്നു: “ഒരു വർഷത്തിനുള്ളിൽ ഏതാണ്ട് 500 പേജിൽ ഈ പുസ്തകം എഴുതി പൂർത്തിയാക്കാം എന്നാണ് ഞാൻ കരുതിയത്. എന്നാൽ ഞാൻ ഉദ്ദേശിച്ചതു പോലെയല്ല എഴുത്ത് നടന്നത്. ഞാൻ അങ്ങേയറ്റം ശ്രമിച്ചെങ്കിലും പുസ്തകത്തിന്റെ ദൈർഘ്യവും വ്യാപ്തിയും വർദ്ധിച്ചുവന്നു. ആയതിനാൽ പുസ്തകത്തെ രണ്ടു വാല്യങ്ങൾ ആക്കാം എന്നു ഞാൻ തീരുമാനിച്ചു.”
അതായത് ഒബാമ ഉദ്ദേശിക്കുന്നത് തന്റെ പുസ്തകത്തെ രണ്ടു വാല്യങ്ങളായി പ്രസിദ്ധീകരിക്കാൻ ആണ്. അതിന്റെ ആദ്യ വാല്യമാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതിൽ 2011ലെ കാര്യങ്ങൾ വരെയേ ഉള്ളൂ. 2012ലെ തന്റെ രണ്ടാം വട്ട പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് ഉൾപ്പടെ ബാക്കി കാര്യങ്ങളൊക്കെ അടുത്ത വാല്യത്തിൽ മാത്രമേ ഉണ്ടാകൂ.
2014ൽ ഇന്ത്യൻ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയെക്കുറിച്ച് 2011 വരെയുള്ള കാര്യങ്ങൾ പറയുന്ന പുസ്തകത്തിൽ ഒബാമ എന്തെഴുതണം എന്നാണ് തരൂർ പറയുന്നത്?! ഇതിനാണ് തോക്കിൽ കയറി വെടിവെക്കുക എന്നു പറയുന്നുന്നത്. തരൂർ അബദ്ധം പറഞ്ഞതിനെ, അദ്ദേഹം bloviate ചെയ്തു എന്നു പറയാം. അറിയാത്ത കാര്യത്തെക്കുറിച്ച് അറിവുണ്ടെന്നു നടിച്ച് പ്രധാനപ്പെട്ടതെന്ന രീതിയിൽ യാതൊരു പ്രാധാന്യവും ഇല്ലാത്ത വിഷയം അവതരിപ്പിച്ചു വെറുപ്പിക്കുന്നതിനെ സൂചിപ്പിക്കുന്ന ഇംഗ്ലീഷ് പദമാണ് ‘ബ്ലോവിയേറ്റ്’.
https://www.facebook.com/panickar.sreejith/posts/3597191016967614
കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ഒബാമയുടെ ‘എ പ്രോമിസ്ഡ് ലാൻഡ്‘ എന്ന പുസ്തകത്തിൽ വയനാട് എം പി രാഹുൽ ഗാന്ധിയെക്കുറിച്ചുള്ള പരാമർശം വിവാദമായിരുന്നു. വിഷയത്തിൽ അവഗാഹമില്ലാതെ അധ്യാപകന്റെ ശ്രദ്ധ ആകർഷിക്കാൻ വൃഥാ ശ്രമിക്കുന്ന വിദ്യാർത്ഥി എന്നാണ് ഒബാമ പുസ്തകത്തിൽ രാഹുലിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
Discussion about this post