തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തത്തിന് കാരണമായ ഫാൻ കേന്ദ്രലാബിൽ പരിശോധനക്ക് അയച്ചു. സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസിലുണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട ഫോറന്‍സിക് പരിശോധനയില്‍ ഷോര്‍ട്ട്‌സര്‍ക്യൂട്ട് ഇല്ലെന്ന് കണ്ടെത്തിയിരുന്നു. ഫോറന്‍സിക് ലാബിലെ അന്തിമ പരിശോധനാ ഫലത്തില്‍ ഫാനില്‍ നിന്ന് തീപ്പിടിത്തമുണ്ടായില്ല എന്നാണ് പറയുന്നത്. എന്നാൽ തീപ്പിടിത്തമുണ്ടായത് ഫാനില്‍ നിന്നാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പോലീസ്.
തീപിടുത്തം ഉണ്ടായ സമയത്ത് സ്വിച്ച് ഓണായിരുന്നുവെങ്കിലും ഫാന്‍ കറങ്ങിയിരുന്നില്ല എന്നാണ് പോലീസിന്റെ പുതിയ കണ്ടെത്തല്‍. ഇതിൽ വ്യക്തത ലഭിക്കുന്നതിനായി പരിശോധനയക്ക് ശേഷം കോടതിയില്‍ സമര്‍പ്പിച്ച സാമ്പിളുകള്‍ കോടതിയുടെ അനുമതിയോടെ തിരികെ വാങ്ങി കേന്ദ്രലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഫാനിന്റെ പ്ലാസ്റ്റിക് പാര്‍ട്‌സുകളടക്കമുള്ള ഭാഗങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്.
സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്രസംഘം അന്വേഷിക്കുന്ന പല ഫയലുകളും അടങ്ങിയിരുന്ന സെക്രട്ടറിയേറ്റിലെ മുറിയിൽ ഉണ്ടായ തീപിടുത്തം വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. തെളിവ് നശിപ്പിക്കാൻ സർക്കാർ അനുകൂല ഉദ്യോഗസ്ഥർ മനപ്പൂർവ്വം തീപിടുത്തം ഉണ്ടാക്കുകയായിരുന്നു എന്ന തരത്തിൽ ആരോപണങ്ങൾ ഉണ്ടായിരുന്നു.











