ന്യൂഡൽഹി: ഡിഎംകെ പ്രസിഡന്റ് എം.കെ സ്റ്റാലിന്റെ സഹോദരനായ എം.കെ അഴഗിരിയുടെ വിശ്വസ്തൻ കെ.പി രാമലിംഗം ബിജെപിയിൽ ചേർന്നു. അഴഗിരിയോട് താൻ ബിജെപിയിൽ ചേരുകയാണെന്നത് സംബന്ധിച്ച കാര്യങ്ങൾ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നുവെന്ന് പാർട്ടിയിൽ ചേർന്നതിനുശേഷം കെ.പി രാമലിംഗം പറഞ്ഞു.
കരുണാനിധിയുടെ മൂത്ത മകനായ അഴഗിരിയെ അധികം വൈകാതെ ബിജെപിയുടെ ഭാഗമാക്കുമെന്നും രാമലിംഗം അറിയിച്ചിട്ടുണ്ട്. ദ്വിദിന സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ചെന്നൈയിലെത്താനിരിക്കെയാണ് ബിജെപിയിൽ ചേർന്ന കാര്യം രാമലിംഗം പ്രഖ്യാപിച്ചത്. കരുണാനിധിയ്ക്കു ശേഷം ഡിഎംകെയുടെ അധ്യക്ഷനായി ചുമതലയേറ്റ ആരെയും മനസ് കൊണ്ട് പൂർണമായി അംഗീകരിക്കാൻ സാധിക്കാത്തതിനാലാണ് പാർട്ടി വിടാൻ തീരുമാനിച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
“ഞാൻ 8 മാസത്തെ ഇടവേള എടുത്തതിനു ശേഷമാണ് ഇങ്ങനെയൊരു നടപടി സ്വീകരിച്ചത്. എന്റെ രാഷ്ട്രീയ യാത്ര ഈ പാർട്ടിയിൽ നിന്നാണ് ഇപ്പോൾ ആരംഭിക്കുന്നതെന്ന് എനിക്ക് തോന്നുന്നു. ഞാൻ 15 വർഷം എംജിആറിൽ നിന്നും 30 വർഷം കരുണാനിധിയിൽ നിന്നും നിരവധി പാഠങ്ങൾ പഠിച്ചു. ഇപ്പോൾ രാജ്യസുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന, ശക്തമായ നേതാക്കളുള്ള ഒരു പാർട്ടിയിൽ ചേരാൻ സാധിച്ചതിൽ സന്തോഷം തോന്നുന്നു”- രാമലിംഗം കൂട്ടിച്ചേർത്തു.











Discussion about this post