കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിർണ്ണായക നീക്കങ്ങളുമായി ബിജെപി. പ്രമുഖ തൃണമൂൽ നേതാവായ സൗഗത റോയ് ഉൾപ്പെടെ അഞ്ച് എം പിമാർ പാർട്ടി വിടാൻ തയ്യാറെടുക്കുകയാണെന്നും അവർ ബിജെപിയിൽ ചേരുമെന്നും ബിജെപി നേതാവ് അർജുൻ സിംഗ് വ്യക്തമാക്കി.
പശ്ചിമ ബംഗാൾ ഗതാഗത വകുപ്പ് മന്ത്രി സുവേന്ദു അധികാരിയും തൃണമൂൽ നേതൃത്വവും തമ്മിലുള്ള അസ്വാരസ്യങ്ങൾ മറനീക്കി പുറത്തു വന്ന സാഹചര്യത്തിലാണ് ബിജെപി നേതാവിന്റെ പ്രതികരണം. ബിജെപിയുമായി നല്ല ബന്ധം പുലർത്തുന്ന നേതാവാണ് സുവേന്ദു അധികാരി. അദ്ദേഹം വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയുടെ കരുത്താകുമെന്നും സംസ്ഥാനത്ത് പാർട്ടി അധികാരം പിടിക്കുമെന്നും അർജുൻ സിംഗ് പറഞ്ഞു.
എന്നാൽ അർജുൻ സിംഗിന്റെ അവകാശവാദങ്ങൾ സൗഗത റോയ് തള്ളിക്കളഞ്ഞു. അതേസമയം സുവേന്ദു അധികാരിയുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല. 2021 ഏപ്രിൽ- മെയ് മാസങ്ങളിലാണ് പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ്.
Discussion about this post