തിരുവനന്തപുരം: വിവാദ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് നടപടി. സിപിഎം കേന്ദ്ര നേതൃത്വം ഉൾപ്പെടെ നിയമത്തിനെതിരെ നിലപാട് സ്വീകരിച്ച പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് സൂചന.
നിയമ ഭേദഗതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ല. നിയമം നടപ്പാക്കുന്നതിൽ നിന്ന് പിൻമാറുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവന ഇറക്കി. ഇതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നിയമസഭയില്‍ നടത്തി എല്ലാ ഭാഗത്തുനിന്നും അഭിപ്രായം കേട്ട് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അപകീര്‍ത്തികരവും അസത്യജഡിലവും അശ്ലീലം കലര്‍ന്നതുമായ പ്രചാരണങ്ങള്‍ക്കെതിരെ സമൂഹത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനവും പരാതിയും നിലനില്‍ക്കുന്നുണ്ട്. സ്ത്രീകളും ട്രാന്‍സ്ജന്‍ഡര്‍ വിഭാഗങ്ങളും ഉള്‍പ്പെടെ നിര്‍ദാക്ഷ്യണ്യം ആക്രമിക്കപ്പെടുന്നത് വലിയപ്രതിഷേധമാണ് സമൂഹത്തില്‍ ഉളവാക്കുന്നത്. കുടുംബങ്ങളുടെ കെട്ടുറപ്പിനെ പോലും ബാധിക്കുന്നതും ഇരകളെ ആത്മഹത്യയിലേക്ക് നയിക്കുന്നതുമായ അനുഭവങ്ങളാണ് ഉണ്ടായത്. ഇതിനെതിരെ നിയമത്തിന്‍റെ വഴി സ്വീകരിക്കണമെന്ന് മാധ്യമ മേധാവികള്‍ ഉള്‍പ്പെടെ ആവശ്യം ഉന്നയിച്ചു. ഈ സാഹചര്യത്തിലാണ് പോലീസ് ആക്ട് ഭേദഗതി വരുത്തണമെന്ന് ആലോചിച്ചതെന്ന് മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
നേരത്തെ നിയമ ഭേദഗതി പുനഃപരിശോധിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളുമായും കേരളത്തിലെ പി.ബി.അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ ഭേദഗതി നീക്കത്തിൽ നിന്നും പിന്മാറാൻ തീരുമാനം എടുക്കുകയായിരുന്നു.
അതേസമയം പൊലീസ് നിയമത്തിനെതിരെ ബിജെപിയും ആർ എസ് പിയും ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിപിഎം അനുഭാവികളിൽ നിന്നും ഇടത് ചിന്തകരിൽ നിന്നും കടുത്ത വിമർശനമാണ് നിയമത്തിനെതിരെ ഉയർന്നത്. മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരവും സീനിയർ സുപ്രീംകോടതി അഭിഭാഷകനായ പ്രശാന്ത് ഭൂഷണും ഉൾപ്പെടെയുള്ളവർ പൊലീസ് ആക്ടിനെതിര നേരത്തെ രംഗത്ത് വന്നിരുന്നു.
Discussion about this post