ഡല്‍ഹി: മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ ഗതാഗത മന്ത്രിയുമായ സുവേന്ദു അധികാരി മന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ മറ്റൊരു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കൂടി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരാന്‍ ഡല്‍ഹിയില്‍. കൂച്ച് ബീഹാര്‍ എംഎല്‍എയായ മിഹിര്‍ ഗോസ്വാമി കൂച്ച് ബീഹാര്‍ ബിജെപി എംപി നിഷിത്ത് പ്രമാണികിനോടൊപ്പമാണ് ഡല്‍ഹിയിലെത്തിയത്.
മിഹിര്‍ ഗോസ്വാമി ബിജെപിയില്‍ ചേരുമെന്ന് ബിജെപി എംപി സൗമിത്ര ഖാന് പറഞ്ഞു. 1998-ല്‍ തൃണമൂല്‍ കോണ്‍ഗ്രസിലെത്തിയ മിഹിര്‍ ഗോസ്വാമി കുറച്ചു കാലമായി പാര്‍ട്ടിയോട് പിണക്കത്തിലായി.’അദ്ദേഹം ബിജെപി ഉന്നത നേതൃത്വത്തോട് നേരത്തെ തന്നെ സംസാരിച്ചിട്ടുള്ളതാണ്. അദ്ദേഹം പാര്‍ട്ടി ദേശീയ ആസ്ഥാനം ഇന്ന് സന്ദര്‍ശിക്കുകയും പാര്‍ട്ടിയില്‍ ചേരുകയും ചെയ്തേക്കാം’, നിഷിത്ത് പ്രമാണിക് പറഞ്ഞു.
അതേസമയം സുവേന്ദു അധികാരിയും ബിജെപിയില്‍ ചേര്‍ന്നേക്കും. ഗതാഗത, ജലസേചന മന്ത്രിയായിരുന്ന സുവേന്ദു തൃണമൂല്‍ കോണ്‍ഗ്രസിലെ രണ്ടാമനായാണ് അറിയപ്പെടുന്നത്. പാര്‍ട്ടി അംഗത്വവും എംഎല്‍എ സ്ഥാനവും രാജിവെച്ചിട്ടില്ലെങ്കിലും വൈകാതെ രണ്ട് സ്ഥാനങ്ങളും രാജിവെക്കുമെന്നാണ് സൂചന. രാജിക്കത്ത് കൈമാറിയതിന് ശേഷം സുവേന്ദു ഡല്‍ഹിയിലെത്തി.
Discussion about this post