ന്യൂഡൽഹി: രാജ്യത്ത് റിപ്പബ്ലിക്ക് ദിനത്തിൽ വിശിഷ്ടാതിഥിയായി എത്തുന്നത് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇന്ത്യയിലേക്കും തുടർന്ന് റിപ്പബ്ലിക്ക് ദിനാഘോഷങ്ങളിലേക്കും ക്ഷണിച്ചത്.
ദിവസങ്ങൾക്കു മുമ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിനിടെ റിപ്പബ്ലിക്ക് ദിനത്തിൽ വിശിഷ്ടാതിഥിയായി ബോറിസ് ജോൺസനെ ക്ഷണിക്കുകയായിരുന്നു. അടുത്ത വർഷം ജി7 രാജ്യങ്ങളുടെ ഉച്ചകോടി ബ്രിട്ടനിൽ വെച്ചായിരിക്കും നടക്കുക. ഈ ഉച്ചകോടിയിലേക്ക് ബോറിസ് ജോൺസൺ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 1993-ലാണ് ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ ഏറ്റവുമൊടുവിൽ ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രി എത്തിയത്.
അതേസമയം, ബോറിസ് ജോൺസൺ റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയിലെത്തുമെന്ന കാര്യം കേന്ദ്ര സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നവംബർ 27 നു ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ച നടത്തിയെന്ന് മാത്രമാണ് സർക്കാർ വ്യക്തമാക്കിയത്. ഇരു രാജ്യങ്ങളുടെയും ബന്ധം കൂടുതൽ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ചർച്ച.
Discussion about this post