മുംബൈ: ഫൈസറിന്റെ കോവിഡ് പ്രതിരോധ വാക്സിൻ ഇന്ത്യയിൽ ലഭ്യമാക്കുന്നതിനു കേന്ദ്രസർക്കാരുമായി ചർച്ച നടത്തി വരികയാണെന്ന് കമ്പനി. നേരത്തെ ബ്രിട്ടീഷ് സർക്കാർ വാക്സിൻ ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു.
വാക്സിൻ ഇന്ത്യയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ ചർച്ച പുരോഗമിക്കുകയാണെന്ന് ഫൈസറിന്റെ ഔദ്യോഗിക വക്താവ് വ്യക്തമാക്കി. അമേരിക്കൻ കമ്പനിയായ ഫൈസർ, ജർമൻ ഔഷധ കമ്പനിയായ ബയോടെകുമായി ചേർന്നാണ് വാക്സിൻ വികസിപ്പിച്ചത്. ഈ വാക്സിൻ അടുത്തയാഴ്ച മുതൽ ജനങ്ങളിൽ വിതരണം ചെയ്യാൻ ബ്രിട്ടീഷ് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഫൈസറിന്റെ വാക്സിൻ നെഗറ്റീവ് 70 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കേണ്ടതിനാൽ വലിയ ജനസംഖ്യയുള്ള ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്തുന്നത് വളരെ വലിയ വെല്ലുവിളി ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വ്യക്തമായ പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.
ഇന്ത്യയിൽ വാക്സിൻ വിതരണത്തിനു എത്തിക്കാൻ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് കമ്പനി കൂട്ടിച്ചേർത്തു. നിലവിൽ അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളുമായി ഫൈസറിനു കരാറുണ്ട്. വില, സ്റ്റോറേജ് തുടങ്ങിയ വിഷയങ്ങൾ തടസ്സങ്ങളായി നിൽക്കുന്നതിനാൽ ഇതുവരെ ഇന്ത്യയുമായി വിതരണ കരാറിന് ധാരണയായിട്ടില്ല.
Discussion about this post