തിരുവനന്തപുരം: മരിക്കുന്നതിനുമുമ്പ് വയലിനിസ്റ്റ് ബാലഭാസ്കറിന്റെ പേരിലെടുത്ത ഇൻഷുറൻസ് പോളിസിയെ കുറിച്ച് സി.ബി.ഐ അന്വേഷണം. മരിക്കുന്നതിനു 8 മാസം മുമ്പ് ബാലഭാസ്കറിന്റെ പേരിലെടുത്ത ഇൻഷുറൻസ് പോളിസിയെ സംബന്ധിച്ചാണ് സി.ബി.ഐ അന്വേഷിക്കുന്നത്.
ഇതിന്റെ ഭാഗമായി കമ്പനിയിലെ രണ്ട് ജീവനക്കാരെ സി.ബി.ഐ ചോദ്യം ചെയ്തു. ബന്ധുക്കൾ നേരത്തെ ബാലഭാസ്കറിന്റെ പേരിലെടുത്ത ഇൻഷുറൻസ് പോളിസിയെക്കുറിച്ച് സംശയമുണ്ടെന്ന് ആരോപണമുന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിശദമായ അന്വേഷണം നടത്താൻ സി.ബി.ഐ തീരുമാനിച്ചിട്ടുള്ളത്. ഇൻഷുറൻസ് പോളിസിയിൽ നൽകിയിരുന്നത് ബാലഭാസ്കറിന്റെ സുഹൃത്തും സ്വർണക്കടത്ത് കേസ് പ്രതിയുമായ വിഷ്ണു സോമസുന്ദരന്റെ ഫോൺ നമ്പറും ഇമെയിൽ വിലാസവുമാണ്. ഇതാണ് ദുരൂഹതയ്ക്കും സംശയത്തിനും വഴിവെച്ചത്.
അപകടത്തിനു ശേഷം ബാലഭാസ്കറിനെ ചികിത്സിച്ചിരുന്ന ഡോക്ടർമാരെയും നേരത്തെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ബാലഭാസ്കറിന്റെ മരണത്തിൽ എല്ലാ വശങ്ങളും പരിശോധിച്ച് വിപുലമായ അന്വേഷണം നടത്താനാണ് സി.ബി.ഐ സംഘത്തിന്റെ തീരുമാനം.
Discussion about this post