ഭോപ്പാല്‍: സ്വന്തം മതം മറച്ചുവെച്ച ശേഷം മതപരിവര്‍ത്തനം നടത്തുന്നത് മധ്യപ്രദേശില്‍ മൂന്ന് മുതല്‍ പത്തു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം. കുറഞ്ഞത് 50,000 രൂപ പിഴയും ലഭിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മത സ്വാതന്ത്രവുമായി ബന്ധപ്പെട്ട ബില്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് ഭോപ്പാലില്‍ നടക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് അധ്യക്ഷത വഹിക്കും.
‘ആരെയും ബലമായി മതപരിവര്‍ത്തനം ചെയ്യിപ്പിക്കേണ്ടതില്ല, ആരെയെങ്കിലും പ്രലോഭിപ്പിച്ചുകൊണ്ടോ വിവാഹത്തിലൂടെയോ മതം മാറ്റേണ്ടതുമില്ല. വിപരീത സംഭവങ്ങള്‍ ഉണ്ടായാല്‍ തടയാനാണ് ബില്‍ എന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് പറഞ്ഞു.
‘സ്വന്തം മതം മറച്ചുവെച്ചശേഷം മതപരിവര്‍ത്തനം നടത്തുന്നത് മൂന്നു മുതല്‍ പത്തു വര്‍ഷം വരെ തടവും കുറഞ്ഞത് 50,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ആളുകള്‍ ബലമായി മതപരിവര്‍ത്തനത്തിന് ശ്രമിക്കുന്നത് അഞ്ചു മുതല്‍ പത്തു വര്‍ഷം തടവും കുറഞ്ഞത് ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞു.
മതപരിവര്‍ത്തന ഉദ്ദേശ്യത്തോടെ ചെയ്യുന്ന ഏത് വിവാഹവും അസാധുവായി കണക്കാക്കും. മതപരിവര്‍ത്തനം ആഗ്രഹിക്കുന്നവരോ ബന്ധപ്പെട്ട മതനേതാക്കളോ ഒരു മാസം മുമ്പുതന്നെ ജില്ല മജിസ്ട്രേറ്റിനെ വിവരം അറിയിക്കണമെന്നും മധ്യപ്രദേശ് സി.എം.ഒ അറിയിച്ചു.
‘ബില്ലിലെ ആര്‍ട്ടിക്കിള്‍ മൂന്ന് ലംഘിക്കുന്നവര്‍ക്ക് ഒന്നു മുതല്‍ അഞ്ചു വര്‍ഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കും. ഇര പ്രായപൂര്‍ത്തിയാകാത്ത ആളോ, സ്ത്രീയോ അല്ലെങ്കില്‍ എസ്.സി-എസ്ടി. സമുദായത്തില്പ്പെട്ടയാളോ ആണെങ്കില്‍ രണ്ടുമുതല്‍ പത്തു വര്‍ഷം വരെ തടവും കുറഞ്ഞത് 50,000 രൂപയും പിഴ ലഭിക്കുമെന്നും ഓഫീസ് സൂചിപ്പിച്ചു.
Discussion about this post