കാസര്‍കോട് : കുഡ്ലുവിലെ സര്‍വീസ് സഹകരണ ബാങ്ക് എരിയാല്‍ ശാഖയിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട അന്വേഷണം കര്‍ണാടകയിലേക്ക് വ്യാപിപ്പിക്കുന്നു. കവര്‍ച്ചാസംഘത്തിന് പ്രാദേശിക സഹായം ലഭിച്ചതായും മംഗളൂരുവിലേക്ക് കവര്‍ച്ചാ സംഘം രക്ഷപ്പെട്ടിരിക്കാമെന്നുമാണ് പൊലീസ് നിഗമനം. 21കിലോ സ്വര്‍ണവും 13 ലക്ഷം രൂപയുമാണ് കൊള്ളയടിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.15നാണ് വന്‍ കവര്‍ച്ച നടന്നത്. ബാങ്കില്‍ ക്ലാര്‍ക്ക് ലക്ഷ്മിയും താല്‍ക്കാലിക ജീവനക്കാരിയായ ബിന്ദുവും സ്വര്‍ണം പണയം വയ്ക്കാനെത്തിയ മധൂര്‍ മഞ്ചത്തടുക്ക സ്വദേശിനി ഖമര്‍ ബാനുവും മാത്രമാണുണ്ടായിരുന്നത്. രണ്ടു ബൈക്കിലെത്തിയ അഞ്ചംഗ സംഘം ബാങ്കിനുള്ളിലേക്ക് ഇരച്ചുകയറിയ ശേഷം കത്തികാട്ടി മൂവരെയും ഭീഷണിപ്പെടുത്തുകയായിരുന്നു. ബാനു പണയം വയ്ക്കാന്‍ കൊണ്ടുവന്ന 21 പവന് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത ശേഷം ക്ലാര്‍ക്ക് ലക്ഷ്മിയോട് സ്ട്രോങ്റൂമിന്റെ താക്കോല്‍ ആവശ്യപ്പെട്ടു. താക്കോല്‍ നല്കാന് വിസമ്മതിച്ച ലക്ഷ്മിയുടെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി.
സംഘത്തില്‍ ഉണ്ടായിരുന്ന മറ്റൊരാള്‍ ജീവനക്കാരി ബിന്ദുവിന്റെ സ്വര്‍ണമാലയും വളകളും ഊരിവാങ്ങി. തടയാന്‍ ശ്രമിക്കുന്നതിനിടെ ബിന്ദുവിന്റെ കൈക്കു മുറിവേറ്റു. ഇതിനിടെ തളര്‍ന്നുവീണ ലക്ഷ്മിയുടെ കൈകള്‍ സംഘം പ്ലാസ്റ്റിക് കയര്‍ കൊണ്ടു കെട്ടി. സ്ട്രോങ്റൂമിന്റെ താക്കോല്‍ കൈക്കലാക്കി മൂന്നു പേരെയും കൂട്ടി സ്ട്രോങ് റൂമിലേക്കു പോയ സംഘം മുറി തുറന്ന് ഉള്ളിലെ സേഫില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും മൂന്നു ബാഗുകളിലേക്കു നിറച്ചു. പിന്നീട് മൂന്നു പേരെയും സ്ട്രോങ്റൂമിനുള്ളില്‍ നിര്‍ത്തി പുറത്തുനിന്നു വാതില്‍ അടച്ച ശേഷം ബൈക്കില്‍ കടന്നുകളയുകയായിരുന്നു.
Discussion about this post