കാസര്‍ഗോഡ്: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും ആരാണ് സ്വര്‍ണം കൊടുത്തുവിട്ടതെന്നും ആരാണ് ഇത് ഉപയോഗിച്ചതെന്നും കണ്ടത്തേണ്ടതുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. ഇതാണ് അന്വേഷണത്തിന്റെ അടിസ്ഥാനം. ഇക്കാര്യങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് എന്‍ഐഎയും കസ്റ്റംസും. അന്വേഷണം നടക്കുന്നതിനിടെ പുതിയ പല ആളുകളും അന്വേഷണത്തിന്റെ ഭാഗമാവുകയാണ്. അന്വേഷണത്തിനിടെ പല പുതിയ കുറ്റപത്രങ്ങളും സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ ആള്ക്കാര് ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കോടതി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കിയെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നതുവരെ അന്വേഷണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വലിയ തിരിച്ചടി നേരിടുമെന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളില്‍ പ്രതിഫലിക്കുന്നത്. മുഖ്യമന്ത്രി പദവിയ്ക്ക് നിരക്കാത്ത അപഹാസ്യമായ പ്രസ്താവന നടത്തുന്നത് നിര്‍ത്തണം.
സംസ്ഥാന സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന്റെ തെളിവ് പുറത്തുവിടാന്‍ പിണറായി തയാറാകണം. കേന്ദ്ര ഏജന്‍സികള്‍ എവിടെയും സംസ്ഥാന സര്‍ക്കാറുകളെ അട്ടിമറിക്കാന്‍ നീക്കം നടത്തിയിട്ടില്ല. ഊരാളുങ്കല്‍ സൊസൈറ്റിയ്ക്ക് എതിരെയുള്ള അന്വേഷണമാണോ മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്നതെന്നും കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ കുതിര കയറിയാല്‍ അന്വേഷണം അവസാനിപ്പിക്കുമെന്നാരും കരുതേണ്ടെന്ന് മുരളീധരന് പറഞ്ഞു.
മുഖ്യമന്ത്രി തന്നെയാണ് കേന്ദ്ര ഏജന്‍സികളെ വിളിച്ച് വരുത്തിയത്. അത് നിരവധി തവണ സിപിഎം നേതാക്കള്‍ തന്നെ പറഞ്ഞിട്ടുണ്ട്. ആ മുഖ്യമന്ത്രി തന്നെ ഇന്ന് ഉരാളുങ്കല്‍ സൊസൈറ്റിവരെയെത്തി നില്ക്കുന്ന അന്വേഷണത്തെ ഭയക്കുമ്ബോള് സംസ്ഥാന സര്‍ക്കാറിന്റെ ഭാഗമായിട്ടുള്ള ചിലര്‍ക്ക് കള്ളക്കടത്തുകളിലും മറ്റും ബന്ധമുണ്ടോയെന്ന് ജനങ്ങള്‍ സംശയിക്കുന്നതില്‍ സത്യമില്ലെയെന്ന് മുരളീധരന് ചോദിച്ചു.
2014ല്‍ അധികാരത്തിലെത്തിയ മുതല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ കള്ളപ്പണത്തിനും അഴിമതികള്ക്കുമെതിരായി നടത്തിയ ഇടപെടലുകളാണ് കേരളത്തില്‍ ഇന്ന് കാണുന്ന കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വരെയെത്തി നില്‍ക്കുന്നത്. പാലാരിവട്ടം പാലം അഴിമതി ഇ.ഡി അന്വേഷിക്കണമെന്ന് പറയുന്ന മുഖ്യമന്ത്രി തന്നെയാണ് മറ്റ് പലകേസുകളിലും ഇ. ഡിയുടെ അന്വേഷണം വേണ്ടെന്ന് പറയുന്നത്.
ഇടത് വലത് മുന്നണികള്‍ തമ്മില്‍ അവിശുദ്ധ സഖ്യമുണ്ടാക്കിയാണ് തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ലീഗിന് ആധിപത്യമുള്ള പ്രദേശങ്ങളില്‍ ലീഗ് പറയുന്നവരെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി നിര്‍ത്തുന്നത്. കേരളത്തില്‍ കോണ്‍ഗ്രസ് ഇന്ന് അപ്രസക്തമായി കഴിഞ്ഞുവെന്ന് മുരളീധരന് പറഞ്ഞു.
Discussion about this post